റബാദയേയും കൂട്ടി ദക്ഷിണാഫ്രിക്ക

Friday 02 January 2026 11:12 PM IST

കേപ്ടൗൺ : അടുത്തമാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ പേസർ കാഗിസോ റബാദയും. വാരിയെല്ലിനേറ്റ പരിക്കിനെത്തുടർന്ന് പത്താഴ്ച വിശ്രമത്തിലായിരുന്ന റബാദ കഴിഞ്ഞ ദിവസമാണ് എസ്.എ ട്വന്റി-20 ടൂർണമെന്റിലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവന്നത്.അൻറിച്ച് നോർക്യേ, ലുംഗി എൻഗിഡി,കോർബിൻ ബോഷ്. മാർക്കോ യാൻസൺ,ക്വേന മഫാഖ എന്നിങ്ങനെ അഞ്ച് പേസർമാരെക്കൂടി എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം റയാൻ റിക്കിൾട്ടൺ, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവരെ ഒഴിവാക്കി.

വിരമിക്കൽ തീരുമാനം തിരുത്തിയെത്തിയ ക്വിന്റൺ ഡികോക്ക്, ഡേവിഡ് മില്ലർ,കേശവ് മഹാരാജ്,മാർക്രം,യാൻസൺ, നോർക്യേ,ലുംഗി എൻഗിഡി,റബാദ എന്നിവർ കഴിഞ്ഞ ലോകകപ്പിൽ കളിച്ചവരാണ്. 15 അംഗ ദക്ഷിണാഫ്രിക്കൻ നിരയിലെ മറ്റ് ഏഴുപേരുടെയും ആദ്യ ലോകകപ്പാണിത്. കഴിഞ്ഞലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് തോൽക്കാനായിരുന്നു ദക്ഷിണാഫ്രിക്കൻ ടീമിന്റെ വിധി.

ദക്ഷിണാഫ്രിക്കൻ ടീം : എയ്ഡൻ മാർക്രം (ക്യാപ്ടൻ),ക്വിന്റൺ ഡികോക്ക്, ഡേവിഡ് മില്ലർ,കേശവ് മഹാരാജ്, അൻറിച്ച് നോർക്യേ, ലുംഗി എൻഗിഡി,കോർബിൻ ബോഷ്. മാർക്കോ യാൻസൺ,ക്വേന മഫാഖ, കാഗിസോ റബാദ,ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി,ജോർജ് ലിൻഡേ, ജേസൺ സ്മിത്ത്.