കെ.കെ.നായർ ജില്ലാസ്റ്റേഡിയം നിർമ്മാണം: അതിവേഗം, ബഹുദൂരം

Friday 02 January 2026 11:17 PM IST

പത്തനംതിട്ട : കെ.കെ.നായർ ജില്ലാസ്റ്റേഡിയത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നു. സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. ഗ്രേസ് സ്‌പോർട്സ് കമ്പനിക്കാണ് കരാർ. ഒന്നരമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം. കാലാവസ്ഥ അനുകൂലമാകുകയും ഫണ്ട് കൃത്യമായി ലഭിക്കുകയും ചെയ്താൽ നിലവിലെ നിർമ്മാണ പുരോഗതി അനുസരിച്ച് കരാർ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. മാർച്ച് 14വരെയാണ് നിർമ്മാണം പൂർത്തിയാക്കാനുള്ള കരാർ കാലാവധി.

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിൽ മൈതാനത്തിന്റെ മദ്ധ്യഭാഗത്തുനിന്നും വശങ്ങളിലെ ഓടയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തരത്തിലാണ് നിർമ്മാണം. ട്രാക്ക് മണ്ണിട്ടുയർത്തി ഉറപ്പിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് ജില്ലാ സ്റ്റേഡിയം നിർമ്മിക്കുന്നത്.

ഒന്നാംഘട്ടത്തിൽ 8 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്‌ബോൾ ടർഫ്, നീന്തൽക്കുളം, പവലിയൻ, ഗ്യാലറി മന്ദിരങ്ങൾ എന്നിവയാണ് നിർമ്മിക്കുന്നത്. നീന്തൽക്കുളത്തിന്റെ സൈഡ് വാൾ കോൺക്രീറ്റിംഗ് ഉൾപ്പടെ സ്‌ട്രെച്ചർ നിർമ്മാണം പൂർത്തിയായി. 50 മീറ്റർ നീളവും 25 മീറ്റർ വീതിയും രണ്ട് മീറ്റർ താഴ്ചയിലുമാണ് നീന്തൽക്കുളം നിർമ്മിക്കുന്നത്. എട്ട് ട്രാക്കുകൾ ഉള്ളതാണ് നീന്തൽക്കുളം. കുളത്തിലെ ഉപയോഗശേഷമുള്ള വെള്ളം നീക്കം ചെയ്യുന്ന ബാലൻസിംഗ് ടാങ്കിന്റെ നിർമ്മാണം പൂർത്തിയായി. സമീപത്തായി ശുചിമുറിയും വസ്ത്രം മാറുന്നതിനുള്ള മുറിയും നിർമ്മിച്ചു.

ഇൻഡോർ സ്‌റ്റേഡിയവും വേഗത്തിൽ

ഇൻഡോർ സ്റ്റേഡിയത്തിന്റെ 70ശതമാനം പണികളും പൂർത്തിയായി. ഓപ്പൺ ജിംനേഷ്യവും അനുബന്ധമായ കായിക ഇനങ്ങൾക്കുമുള്ള സൗകര്യവുമുണ്ട്. ബോക്സിംഗ്, ഫെൻസിംഗ്, വോളിബോൾ ബാഡ്മിന്റൺ കോർട്ടുകളും സജ്ജീകരിക്കുന്നുണ്ട്.

നിർമ്മാണച്ചെലവ് 47.9 കോടി. രണ്ടാംഘട്ടമായി ഹോസ്റ്റൽ, സെക്യൂരിറ്റി ഓഫീസ്, അനുബന്ധ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണവും നടക്കും.

47.9 കോടി രൂപ ചെലവിൽ നിർമ്മാണം

ജില്ലാ സ്റ്റാഡിയത്തിൽ ഒന്നാംഘട്ടത്തിൽ 8 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അത് ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്‌ബോൾ ടർഫ്, നീന്തൽക്കുളം, പവലിയൻ, ഗ്യാലറി മന്ദിരങ്ങൾ എന്നിവയാണ് നിർമ്മിക്കുന്നത്.