തിരുവാഭരണ പാത നവീകരിക്കാൻ നടപടിവൈകുന്നു

Friday 02 January 2026 11:18 PM IST

കോഴഞ്ചേരി : മകരസംക്രമ പൂജയ്ക്ക് ശബരിഗിരീശന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ട് പന്തളത്തു നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ഇനി നാളുകൾ മാത്രം. പക്ഷേ തിരുവാഭരണ പാത സഞ്ചാരയോഗ്യമാക്കാൻ നടപടി വൈകുന്നു. പന്തളത്ത് നിന്ന് പുറപ്പെട്ട് കുറിയാനിപ്പള്ളി വഴി പരമ്പരാഗത പാതയിലൂടെ കിടങ്ങന്നൂർ ജംഗ്ഷനിലേക്കെത്തുന്ന കാഞ്ഞിരത്തുംമൂട് ഭാഗത്ത് തിരുവാഭരണ പാത വെറും നടപ്പാതയായി തുടരുകയാണ്. പന്തളം താരയെന്ന് പഴയ രേഖകളിൽ ഉൾപ്പെടുത്തിയ വീതിയേറിയ പാത കൈയേറ്റത്തെ തുടർന്നാണ് ഇവിടെ നാലടി വീതി മാത്രമായത്. പമ്പാ ഇറിഗേഷൻ റോഡിൽ നിന്ന് കിടങ്ങന്നൂരിലേക്ക് വരുന്ന പാതയിൽ കലുങ്ക് കഴിഞ്ഞവർഷം പൊളിച്ചു പണിതെങ്കിലും കലുങ്കിനെ ബഡിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം കാര്യക്ഷമമായി നടത്തിയിട്ടില്ല. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വാഴക്കുന്നത്തുള്ള പി.ഐ പി നീർപ്പാലത്തിലേക്കുള്ള സമീപന പാതയും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പേരൂർച്ചാൽ കീക്കൊഴൂർ പാലത്തിലേക്കുള്ള അപ്രോച്ചു റോഡും തകർന്നു. തിരുവാഭരണ ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾക്കായി പഞ്ചായത്തുകൾക്ക് സർക്കാർ പ്രത്യേക തുക അനുവദിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്ന് പരാതിയുണ്ട്.