ഒരുലക്ഷം തീർത്ഥാടകർ ആയുർവേദ ചികിത്സതേടി

Friday 02 January 2026 11:18 PM IST

ശബരിമല: മണ്ഡല തീർത്ഥാടന കാലത്ത് സന്നിധാനം, പമ്പ, എരുമേലി, പത്തനംതിട്ട ഇടത്താവളം, കടപ്പാറ്റൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങളിൽ ഒരു ലക്ഷത്തോളം തീർത്ഥാടകർ ചികിത്സ തേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജെമിനി അറിയിച്ചു. മണ്ഡലകാലത്ത് അയ്യപ്പന്മാർ എത്തുന്ന സ്ഥലങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾക്ക് 1.10 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ഒൻപത് ഘട്ടങ്ങളിലായി ഇവിടങ്ങളിൽ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരേയും നിയമിച്ചു.

മണ്ഡലകാലത്ത് ശബരിമലയിലെ പ്രധാന കേന്ദ്രമായ സന്നിധാനത്തെ സർക്കാർ ആയുർവേദ ആശുപത്രിയിൽ 45000 ഭക്തജനങ്ങളും പമ്പയിലെ സർക്കാർ ആയുർവേദ കേന്ദ്രത്തിൽ 15,000 പേരുമാണ് ചികിത്സ തേടിയത്. മലകയറി വരുന്ന അയ്യപ്പന്മാർ പേശിവലിവ്, പനി, ചുമ, കഫകെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ എത്തുന്നത്. പേശീവലിവിന് അഭംഗ്യം ഉൾപ്പെടുന്ന പ്രത്യേക മർമ്മ ചികിത്സയും, മസാജിംഗ് സൗകര്യങ്ങളും, സ്റ്റീമിംഗ്, നസ്യം, സ്‌പോർട്സ് മെഡിസിൻ ചികിത്സ രീതികളും സന്നിധാനം ആശുപത്രിയിൽ ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ.എസ്.എൻ.സൂരജ് പറഞ്ഞു. സന്നിധാനത്തെ ആശുപത്രിയിൽ ഏഴ് മെഡിക്കൽ ഓഫീസർമാർ, മൂന്ന് ഫാർമസിസ്റ്റ്, മൂന്ന് തെറാപ്പിസ്റ്റ്, മൂന്ന് അറ്റെൻഡർമാർ എന്നിവരുണ്ട്