'പിണറായി വിജയനല്ല ബിനോയ് വിശ്വം': മുഖ്യമന്ത്രിക്ക് മറുപടി

Saturday 03 January 2026 1:23 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വിജയനല്ല, ബിനോയ് വിശ്വം, മുഖ്യമന്ത്രിക്കും എനിക്കും രണ്ടു നിലപാടാണുള്ളത്. എൻെ്റ നിലപാട് ഞാനും അദ്ദേഹത്തിൻെ്റ നിലപാട് അദ്ദേഹവും പറയും. ബിനോയ് വിശ്വമല്ല, പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. ശരി തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അദ്ദേഹത്തിൻെ്റ വാദങ്ങളെ നിരാകരിക്കുന്നില്ല. ബഹുമാനപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തർക്കത്തിനില്ല. എൽ.ഡി.എഫ് വെള്ളാപ്പള്ളിയല്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഉപദേശത്തിന് കാത്തിരിക്കുന്നില്ല. അദ്ദേഹത്തിൽ നിന്ന് സി.പി.ഐ തെറ്റായ രീതിയിൽ പണം വാങ്ങിയിട്ടില്ല. വ്യവസായിയായതിനാൽ തിരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചു കാണും. കൈക്കൂലിയായോ, അവിഹിതമായോ പണം പിരിക്കുന്ന പതിവ് സി.പി.ഐക്കില്ല. ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അറിയാം. എൽ.ഡി.എഫിന് മാർക്കിടാനോ തെറ്റും ശരിയും കണ്ടെത്താനോ ആരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല- ബിനോയ് വിശ്വം പറഞ്ഞു..