41,863 കോടി രൂപയുടെ ഉത്പാദന ബന്ധിത പദ്ധതിക്ക് അനുമതി

Saturday 03 January 2026 12:31 AM IST

ഇലക്ട്രോണിക്‌സ് രംഗത്തെ ആഗോള ഹബാകാൻ ഇന്ത്യ

കൊച്ചി: ആഭ്യന്തര വിപണിയിൽ ഇലക്ട്രോണിക്സ് ഘടക നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് 41,863 കോടി രൂപയുടെ ഉത്പാദന ബന്ധിത നിക്ഷേപ ആനുകൂല്യ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി. ആഗോള മേഖലയിലെ വമ്പൻമാരായ സാംസംഗ് ഇലക്ട്രോണിക്‌സ്, ടാറ്റ ഇലക്ട്രോണിക്‌സ്, ഫോക്സ്‌കോൺ തുടങ്ങിയ കമ്പനികളുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. മൊബൈൽ ഫോൺ, ക്യാമറ സബ് അസംബ്ളീസ്, മറ്റ് ഇലക്ട്രോണിക്‌സ് ഘടക ഭാഗങ്ങൾ എന്നിവയുടെ ആഗോള നിക്ഷേപ കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് സാദ്ധ്യത തെളിയുകയാണ്. എട്ട് സംസ്ഥാനങ്ങളിലായി 22 പദ്ധതികളിലൂടെ 2.58 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് സാദ്ധ്യമാകും. മൊത്തം 34,000 പുതിയ തൊഴിൽ അവസരങ്ങളും ലഭ്യമാകും.