തേങ്ങയും തൊണ്ടും ലക്ഷ്യം; 'തെങ്ങിൻതോപ്പു'മായി കയർ കോർപ്പറേഷൻ

Saturday 03 January 2026 12:36 AM IST

ആലപ്പുഴ: നാളികേരോത്പാദനവും തൊണ്ട് സംഭരണവും മെച്ചപ്പെടുത്താൻ സംസ്ഥാനത്ത് തെങ്ങിൻതോപ്പ് ഒരുക്കാൻ കയർ കോർപ്പറേഷന്റെ പദ്ധതി. ചേർത്തല കണിച്ചുകുളങ്ങരയിൽ കോർപ്പറേഷൻ വക സ്ഥലത്ത് 1,000 തെങ്ങുകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിക്കും. 30ലക്ഷം രൂപ ചെലവിട്ട് കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതിയെങ്കിലും നടത്തിപ്പ് കയർ കോർപ്പറേഷനാകും.

തമിഴ്നാട്ടിലെ പൊള്ളാച്ചി , ദിണ്ഡിഗൽ എന്നിവിടങ്ങളുടെ മാതൃകയിലാകും തെങ്ങിൻതോപ്പുകൾ. പനന്തോപ്പുകൾപോലെ കള്ള് ഉത്പാദനത്തിനും ഉപയോഗിക്കാം. റവന്യു പുറമ്പോക്കുകൾ, തീരദേശത്തെ സർക്കാർ വകയും പാട്ടത്തിനെടുക്കാവുന്നതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കും തെങ്ങിൻ തോപ്പ് പദ്ധതി വ്യാപിപ്പിക്കും.

തൊണ്ടും നാളികേരവും സംഭരിക്കും

 അത്യുത്പാദനശേഷിയുള്ളതും ചുരുങ്ങിയ കാലത്തിൽ വിളവെടുക്കാവുന്നതുമായ കുറിയ ഇനം തെങ്ങുകളുടെ തോട്ടമാണ് ലക്ഷ്യം

 മൂന്നോ നാലോ വർഷം കൊണ്ട് കായ്ഫലം തരുന്ന ഇവയിൽ കയറാതെ തന്നെ തേങ്ങ വെട്ടാൻ കഴിയുന്നതിനാൽ കൂലിച്ചെലവ് കുറയും

 ഒരു തെങ്ങിൽ നിന്ന് പരമാവധി നൂറുതേങ്ങകൾ വരെ ലഭിക്കും. ഇവയുടെ പച്ചത്തൊണ്ടും തേങ്ങയും കോർപ്പറേഷൻ സംഭരിക്കും

 പച്ചത്തൊണ്ട് ചകിരി സംസ്കരണത്തിന് കൈമാറും. തേങ്ങ സഹകരണ സംഘങ്ങൾക്കും കേരഫെഡിനും വെളിച്ചെണ്ണ ഉത്പാദനത്തിന് നൽകും.