എസ്.ഐ.ആർ;ഓൺലൈൻ അപേക്ഷയിൽ തിരുത്താൻ അവസരമില്ല
തിരുവനന്തപുരം:വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ പുതിയ വോട്ടർക്കുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾക്ക് അവസരമില്ലെന്ന് പരാതി. ഫോം6 വഴി നൽകുന്ന അപേക്ഷയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ബി.എൽ.ഒയുടെ ഫീൽഡ് വെരിഫിക്കേഷനിലൂടെ മാത്രമേ തിരുത്തലുകൾ വരുത്താൻ കഴിയുകയുള്ളൂ.പിഴവ് സംഭവിച്ചെന്ന് മനസിലാക്കി വീണ്ടും ഫോം 6 നൽകിയാൽ നിരസിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.
24,08,503 പേരാണ് എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് പുറത്തുപോയത്. ഇതിൽ മരിച്ചെന്ന് കണ്ടെത്തിയ 6,49,885 പേർ ഒഴികെയുള്ളവ ർക്ക് വോട്ടർ പട്ടികയിൽ കയറിപ്പറ്റണമെങ്കിൽ ഫോം 6 വഴി പുതിയ വോട്ടർമാരെപ്പോലെ അപേക്ഷ നൽകുകമാത്രമാണ് പോംവഴി.മതിയായ വിവരങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി അന്തിമ പട്ടികയിൽ നിന്ന് പുറത്തുപോയാൽ മാത്രമേ വീണ്ടും ഫോം ആറ് വഴി അപേക്ഷ നൽകാനാകൂ.
കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 3,59,968ഫോമുകളാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇതുവരെ ലഭിച്ചത്. പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിനായി 30202ഫോമുകളും പേര് ഒഴിവാക്കുന്നതിന് 2419 ഫോമുകളും തിരഞ്ഞെടുപ്പ് കമ്മിഷന് നേരിട്ട് ലഭിച്ചു. കരട് പട്ടികയിൽഉൾപ്പെട്ടിട്ടും 2002ലെ പട്ടികയുമായി മാപ്പിംഗ് ആകാത്തവർക്കുള്ള ഹിയറിംഗിന് നോട്ടീസ് നൽകുന്ന നടപടി പുരോഗമിക്കുകയാണ്. ഹിയറിംഗിന് ഹാജരാകുന്നതിന്റെ ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന് കമ്മിഷന്റെ നിർദ്ദേശമുണ്ട്.