മലയാളത്തിന് ലണ്ടനിൽനിന്നും പുതുവത്സര സമ്മാനം

Saturday 03 January 2026 12:09 AM IST

ലണ്ടൻ: നമ്മുടെ ഭാഷയ്ക്ക് പുതുവത്സര സമ്മാനമായി രണ്ട് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പുറത്തിറക്കി ലണ്ടനിലെ ലെജൻഡ് ടൈംസ് ഗ്രൂപ്പ്. എസ്. മഹാദേവൻ തമ്പിയുടേതാണ് രണ്ട് കൃതികളും.

രാധിക പി. മേനോൻ മൃത്യുസൂത്ര എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തമ്പിയുടെ മൃത്യുസൂത്രം എന്ന നോവലും

പി. മുരളീധരനും എം. ശ്രീനന്ദനും ചേർന്ന് വിവർത്തനം ചെയ്ത തമ്പിയുടെ തിരഞ്ഞെടുത്ത കഥകളുമാണ് (വീപ്പിംഗ് നീഡിൽ) പുറത്തുവന്നത്.പുതുവത്സരദിനത്തിലായിരുന്നു ഇത്. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് കൃതികൾ ഒരേ ദിവസം ലണ്ടനിൽ പുറത്തിറങ്ങുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള മൃത്യുസൂത്രം അബുദാബി ശക്തി അവാർഡും ദേവസ്വം ബോർഡിന്റെ മാധവമുദ്ര പുരസ്കാരവും നേടിയിട്ടുണ്ട്. തമ്പിയുടെ ഒരു ഡസൻ മികച്ച കഥകളുടെ വിവർത്തന സമാഹാരമാണ് വീപ്പിംഗ് നീഡിൽ.

കഴിഞ്ഞ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച തമ്പിയുടെ ആസാദി,പർജ്, എവിക്റ്റഡ് ഫ്രം ഹെവൻ എന്നീ കൃതികൾ ഇംഗ്ലീഷ് വായനക്കാരുടെ വ്യാപകപ്രശംസ നേടിയിട്ടുണ്ട്. പുതിയ പുസ്തകങ്ങളുടെ സൗത്ത് ഏഷ്യാ എഡിഷൻ ജനുവരിയിൽ തന്നെ ന്യൂഡൽഹിയിലെ കൊണാറക് പബ്ലിഷേഴ്സ് ഇന്ത്യയിൽ ലഭ്യമാക്കും.