യുവ നിക്ഷേപ വിദഗ്ദ്ധൻ സിദ്ധാർത്ഥ് ഭയ്യ അന്തരിച്ചു

Saturday 03 January 2026 12:16 AM IST

കൊച്ചി: പ്രമുഖ ഓഹരി നിക്ഷേപ ഉപദേശകനും പി.എം.എസ് സ്ഥാപനമായ എയ്‌ക്യുറ്റാസിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് ഇൻവെസ്‌റ്റ്മെന്റ് ഓഫീസറുമായ സിദ്ധാർത്ഥ് ഭയ്യ (47)അന്തരിച്ചു. കുടുംബത്തോടൊപ്പം ന്യൂസിലൻഡിൽ അവധി ആഘോഷിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. നിരവധി ചെറുകിട മൾട്ടിബാഗർ കമ്പനികളുടെ വളർച്ചാ സാദ്ധ്യതകൾ മുൻകൂട്ടി കണ്ടെത്തി നിക്ഷേപകർക്ക് മികച്ച നേട്ടം ഉറപ്പാക്കിയ പോർട്ട്‌ഫോളിയോ മാനേജ്മെന്റ് വിദഗ്ദ്ധനാണ്. കഴിഞ്ഞ വർഷം ഓഹരി സൂചികകൾ റെക്കാഡ് ഉയരത്തിലായിരുന്നപ്പോൾ വിപണിയിൽ തിരുത്തൽ അനിവാര്യമാണെന്ന് പ്രവചിച്ചിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ ഭയ്യ 2012ൽ ആരംഭിച്ച എയ്‌ക്യുറ്റാസ് നിലവിൽ നിക്ഷേപകരുടെ 7,700 കോടി രൂപയാണ് മാനേജ് ചെയ്യുന്നത്. സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനുകൾ ഇടത്തരക്കാരിൽ നിന്ന് സമ്പന്നരിലേക്ക് പണം വലിച്ചെടുക്കുന്ന നിക്ഷേപ പദ്ധതിയാണെന്നും സിദ്ധാർത്ഥ് ഭയ്യ ആരോപിച്ചിരുന്നു.