വേൾഡ് മലയാളി ഫെഡറേഷൻ കൺവെൻഷൻ ദുബായിൽ
കൊച്ചി: വേൾഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ദ്വിവത്സര ഗ്ളോബൽ കൺവെൻഷൻ 16, 17, 18 തീയതികളിൽ ദുബായ് ദേയ്റയിലെ ക്രൗൺപ്ളാസ ഹോട്ടലിൽ നടക്കും. 'സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിന് തിരികൊളുത്താം" എന്നതാണ് കൺവെൻഷന്റെ പ്രമേയം. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. മന്ത്രി പി. പ്രസാദ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, സയ്യിദ് മുനവറലി തങ്ങൾ, സിനിമാനടി ആശാ ശരത്, മിഥുൻ രമേഷ് എന്നിവരും ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്‌കാരിക നേതാക്കളും 167 രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. പ്രവാസി മലയാളികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഗ്ളോബൽ ഐക്കൺസ് എന്ന ഡയറക്ടറി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ പ്രകാശനം ചെയ്യുമെന്ന് ഫെഡറേഷൻ സ്ഥാപക ചെയർമാൻ പ്രിൻസ് പള്ളിക്കുന്നൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രഷറർ ടോം ജേക്കബ്, ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം തുടങ്ങിയവരും പങ്കെടുത്തു.