ജനഹിതമറിയാൻ മന്ത്രി​യും കളക്ടറും വീടുകളിലേക്ക്

Saturday 03 January 2026 12:19 AM IST

കൊല്ലം: മന്ത്രി കെ.എൻ. ബാലഗോപാലി​ന്റെയും കളക്ടർ എൻ.ദേവീദാസിന്റെയും സാന്നിദ്ധ്യത്തിൽ കർമ്മ സേനാംഗങ്ങളുടെ ചോദ്യങ്ങൾ. സർക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും അക്കമിട്ട് നിരത്തി വീട്ടുകാർ. നവകേരള സൃഷ്ടിക്കായി ജനഹിതം തേടുന്നതിനുള്ള സർക്കാരിന്റെ 'സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാ'മിന്റെ ഭാഗമായി വെളിയം ഗ്രാമപഞ്ചായത്തിലെ വീടുകളിലായിരുന്നു മന്ത്രിയുടേയും സംഘത്തിന്റെയും സന്ദർശനം.

ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ജഗദമ്മയുടെ വീട്ടിൽ നിന്നായിരുന്നു തുടക്കം. സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളെപ്പറ്റിയാണ് ആദ്യം ചോദിച്ചത്. തങ്ങളും കേൾക്കാനാണ് വന്നതെന്നും മടിയില്ലാതെ പറയണമെന്നുമായി ബാലഗോപാൽ. നടത്തിയ പ്രവർത്തനങ്ങളെല്ലാം മികച്ചതാണെന്ന തരത്തിലായിരുന്നു ജഗദമ്മയുടെ മറുപടി.

എന്നാൽ,​ സ്ത്രീസുരക്ഷാ പദ്ധതിയി​ൽ കാർഡിന്റെ നിറം നോക്കാതെ എല്ലാവരെയും പരിഗണിക്കണമെന്നും, വരുമാനത്തിന്റെ പരിധി നോക്കി സഹായം നൽകണമെന്നുമുള്ള നിർദ്ദേശവും വച്ചു. സമീപത്തെ നാല് വീടുകളിൽക്കൂടി മന്ത്രിയും സംഘവും കർമ്മ സേനാംഗങ്ങൾക്കൊപ്പം പങ്കെടുത്തു.

31 ദിവസം കൊണ്ട് ജില്ലയിലെ ഏഴേകാൽ ലക്ഷം ഭവനങ്ങൾ സന്ദർശിച്ച് ഓരോരുത്ത‌ർക്കും പറയാനുള്ളത് എഴുതിയെടുത്ത് കർമ്മ സേനാംഗങ്ങൾ ഓൺലൈൻ പോർട്ടൽ വഴി അപ്‌ലോ‌ഡ് ചെയ്യും. മന്ത്രിയും സംഘവും പ്രദേശത്തെ ഞായപ്പള്ളി ഉന്നതയിൽ ഫോക്കസ് ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തു.