എഴുന്നള്ളത്തിനെത്തിച്ച ആന ചരിഞ്ഞു

Saturday 03 January 2026 12:19 AM IST

കൊച്ചി: നെട്ടൂരിൽ ഉത്സവ എഴുന്നള്ളിപ്പിനെത്തിച്ച ആന ചരിഞ്ഞു. കൂത്താട്ടുകുളം നെല്ല്യക്കാട്ട് മനയിലെ നെല്ല്യക്കാട്ട് മഹാദേവനാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ ചരിഞ്ഞത്. ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ പെരുമ്പാവൂരിലെത്തിച്ച ജഡം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ആന കുഴഞ്ഞു വീണതിന് പിന്നാലെ വെറ്ററിനറി ഡോക്ടർമാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

2006ൽ ഇറങ്ങിയ തുറുപ്പുഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കുഞ്ഞുമോൻ എന്ന കഥാപാത്രത്തിന്റെ വാഹനമായി മഹാദേവൻ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ ആന പ്രേമികളുടെ ഇഷ്ട ആനകളിലൊന്നായിരുന്നു തൃശൂർ പൂരത്തിന് ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള മഹാദേവൻ. 50 വയസ് പ്രായം കണക്കാക്കപ്പെടുന്ന മഹാദേവനെ നിലമ്പൂർ കാടുകളിൽ നിന്ന് പിടികൂടിയതാണെന്ന് പറയപ്പെടുന്നു.