മെഡിസെപ്പ് ജനാധിപത്യ വിരുദ്ധം
Saturday 03 January 2026 12:21 AM IST
കൊല്ലം: സർക്കാർ ജീവനക്കാരൻ ആയതിന്റെ പേരിൽ, തനിക്ക് ഇഷ്ടമുള്ള ആരോഗ്യ സുരക്ഷാ ഇൻഷ്വറൻസ് തിരഞ്ഞെടുക്കാനുള്ള മൗലിക അവകാശം നിഷേധിക്കുന്ന മെഡിസെപ്പ് സ്കീം ജനാധിപത്യ വിരുദ്ധമാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. ജീവനക്കാരുടെ ആരോഗ്യ സുരക്ഷയിൽ സർക്കാരിന്റെ യാതൊരുവിധ പങ്കാളിത്തവും ഇല്ലാത്ത മെഡിസെപ്പ് അടിച്ചേൽപ്പിക്കാനുള്ള നീക്കം സ്വേച്ഛാധിപത്യപരമാണ്. ആവശ്യത്തിന് ഉപകരിക്കാത്ത രീതിയിൽ ഒട്ടേറെ പരിമിതികളുള്ള മെഡിസെപ്പിന് പകരം കൂടുതൽ ഉപകാരപ്രദമായ ഇൻഷ്വറൻസ് സ്വീകരിക്കണം എന്ന് ആഗ്രഹിക്കുന്ന ജീവനക്കാരുടെ താത്പര്യത്തെ ഹനിക്കുന്ന നീക്കം ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആദർശ് വാസുദേവ് അദ്ധ്യക്ഷത വഹിച്ചു.