ഇ.ഡിയുടെ മൂന്നാം നോട്ടീസ് കിട്ടിയിട്ടില്ല: ജയസൂര്യ
കൊച്ചി: സേവ് ബോക്‌സ് തട്ടിപ്പുകേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിൽ (ഇ.ഡി) നിന്ന് മൂന്നാമത് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് നടൻ ജയസൂര്യ. രണ്ടുതവണ നോട്ടീസ് നൽകിയ പ്രകാരം ഹാജരായിട്ടുണ്ട്. മൂന്നാമതും നോട്ടീസ് നൽകിയെന്ന പ്രചാരണം കണ്ട് അന്തംവിട്ടിരിക്കുകയാണ് താൻ. ഏഴാംതീയതി ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല. ഡിസംബർ 24നും 29നും നോട്ടീസ് കിട്ടിയതുപ്രകാരം ഹാജരായി. പരസ്യാവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ ഭാവിയിൽ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഉൗഹിക്കാൻ സാധിക്കുമോ. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതുഖജനാവിൽ അടയ്‌ക്കുന്ന സാധാരണ പൗരനാണ് താൻ. വാർത്തകൾ വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിക്കാൻ ബാദ്ധ്യസ്ഥരായ മാദ്ധ്യമങ്ങൾ നുണപ്രചാരണം നടത്തുമ്പോൾ സഹതപിക്കുകയേ നിർവാഹമുള്ളു. മാദ്ധ്യമങ്ങൾ നുണവിളമ്പുന്ന കാലമാണെന്നും സാമൂഹികമാദ്ധ്യമത്തിൽ ജയസൂര്യ കുറിച്ചു.