ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; യുവാവ് വേദന സഹിച്ചത് 5 മാസം സംഭവം ആലപ്പുഴ മെഡി. കോളേജിൽ
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന്റെ കാലിൽ തറച്ചുകയറിയ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി. പിന്നീട് ചില്ല് കഷ്‌ണം കഴിഞ്ഞ ദിവസം നീക്കം ചെയ്തു. പുന്നപ്ര കൊച്ചുപറമ്പ് വീട്ടിൽ അനന്തു (27)വിന്റെ കാലിലെ തുന്നിക്കെട്ടിയ മുറിവിൽ നിന്നാണ് പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെചില്ല് നീക്കം ചെയ്തത്. അഞ്ചരമാസമാണ് അനന്തു വേദന സഹിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ. ഹരികുമാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജൂലായ് 17ന് രാത്രി ഒമ്പതോടെയാണ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വളഞ്ഞവഴിയിൽ വച്ച് കാറിടിച്ച് അനന്തുവിന് പരിക്കേറ്റത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ച് വലതുകാലിലെ മുറിവ് തുന്നിക്കെട്ടി പ്ലാസ്റ്റർ ഇട്ടശേഷം രണ്ട് ദിവസം കിടത്തി ചികിത്സിച്ചു. 28ന് തുന്നലെടുത്തു. അന്ന് കാലിന്റെ മുട്ടിന് താഴെ ബാന്റേജ് ചുറ്റിയശേഷം പറഞ്ഞയച്ചു.
എന്നാൽ തുന്നിക്കെട്ടിയഭാഗത്ത് വേദനയും മുഴയുമുണ്ടായി. ഇതോടെ ലൈറ്റ് ആൻഡ് സൗണ്ട് ജോലി ചെയ്തിരുന്ന അനന്തുവിന് ജോലിക്ക് പോകാൻ കഴിയാതായി. ഇതിനിടെ മുഴപൊട്ടിയതോടെ ഡിസംബർ 22ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പ്രമേഹമാണെന്ന് പറഞ്ഞ് മെഡിസിൻ വിഭാഗത്തിൽ ചികിത്സതേടാനും ഓർത്തോ വിഭാഗം ഡോക്ടർമാർ നിർദ്ദേശിച്ചു. 29ന് മെഡിസിൻ വിഭാഗത്തിൽ നടത്തിയ പരിശോധനക്ക് ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. എന്നാൽ,പ്രമേഹം കൂടുതലായതിനാൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞു. എന്നാൽ കിടക്ക ഒഴിവില്ലാത്തതിനാൽ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് തുന്നലിട്ടിരുന്ന ഭാഗത്ത് ചില്ലു കഷ്‌ണം കണ്ടെത്തിയതും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതും.
ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ജില്ലാ കളക്ടർക്ക് യുവാവിന്റെ കുടുബം പരാതി നൽകിയിട്ടുണ്ട് . അമ്പലപ്പുഴ പൊലീസ് ഇന്നലെ വീട്ടിലെത്തി അനന്തുവിന്റെ മൊഴിയെടുത്തു. ചില്ല് നീക്കിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി.