ജപ്പാൻ കുടിവെള്ള പദ്ധതി ... പനങ്കുറ്റിമലയിലെ പ്ളാന്റിൽ അടിയന്തര അറ്റകുറ്റപ്പണി

Saturday 03 January 2026 12:30 AM IST
കഴി​ഞ്ഞ ദി​വസം കേരളകൗമുദി​ പ്രസി​ദ്ധീകരി​ച്ച വാർത്ത

കൊല്ലം: ജില്ലയിലെ 10 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും കൊല്ലം കോർപ്പറേഷന്റെ പകുതി പ്രദേശത്തും കുടിവെള്ളമെത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പനങ്കുറ്റിമലയിലെ പ്ലാന്റിൽ ഇടയ്ക്കിടെ പമ്പിംഗ് മുടങ്ങുന്നത് പരിഹരിക്കാൻ അടുത്തയാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരും. അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികളുടെയും ഘട്ടംഘട്ടമായി ചെയ്യേണ്ടവയുടെയും രൂപരേഖ യോഗത്തിൽ തയ്യാറാക്കും. ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു.

മഴ മാറിയതോടെ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലത്തിന്റെ ഉപഭോഗം ഉയർന്നിട്ടുണ്ട്. വേനൽ രൂക്ഷമാകുന്നതിന് മുൻപ് തന്നെ പ്ലാന്റിലെ തകരാറുകൾ ഒരുപരിധി വരെ പരിഹരിക്കാനാണ് ശ്രമം. പ്ലാന്റിൽ പമ്പിംഗ് നടക്കുന്ന സമയത്തും ഉയർന്ന പ്രദേശങ്ങളിൽ ജലം എത്തുന്നില്ല. ഇതൊഴിവാക്കാൻ താഴ്ന്ന പ്രദേശങ്ങളിലെ ജലവിതരണം നിയന്ത്രിച്ച് ഇവിടങ്ങളിൽ പരമാവധി ജലം എത്തിക്കാൻ ശ്രമിക്കും.

 സ്പെയർ പാർട്സ് ക്ഷാമം

പ്ലാന്റിൽ സ്ഥിരമായി പമ്പിംഗ് മുടങ്ങുന്നത് ചൂണ്ടിക്കാട്ടിയുള്ള 'കേരളകൗമുദി' വാർത്തയെത്തുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ജലവിഭവ വകുപ്പ് മന്ത്രിക്കും വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർക്കും സത്വര നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. തുടർന്ന് ചീഫ് എൻജിനിയറുടെ നിർദ്ദേശ പ്രകാരം സൂപ്രണ്ടിംഗ് എൻജിനിയർ പ്ലാന്റിൽ പരിശോധന നടത്തി. പമ്പുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും കാലപ്പഴക്കവും ഇവയുടെ തകരാർ പരഹരിക്കാനുള്ള സ്പെയർ പാർട്സ് കിട്ടാനില്ലാത്തതുമാണ് പമ്പിംഗ് മുടങ്ങാനുള്ള കാരണമെന്ന് കണ്ടെത്തി.

...............................

1. പ്ലാന്റിൽ നാല് പമ്പുകൾ

2. നാലിനും 14 വർഷം പഴക്കം 3. രണ്ടെണ്ണം തകരാറിൽ 4. ഒരെണ്ണം തകരാറിലായിട്ട് വർഷങ്ങൾ 5. പ്രവർത്തിക്കുന്ന ഒരു പമ്പിന് ഇടയ്ക്കിടെ തകരാർ

6. പ്ലാന്റിന്റെ ശേഷി ദിവസം 73 എം.എൽ.ഡി (മെഗാ ലി​റ്റർ) 7. ഇപ്പോൾ പമ്പിംഗ് 63 എം.എൽ.ഡി

'' വേനൽ രൂക്ഷമാകുമ്പോൾ പമ്പിംഗ് മുടങ്ങാതിരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അറ്റകുറ്റപ്പണികൾ പ്ലാന്റിൽ വൈകാതെ നടത്തും. "

വാട്ടർ അതോറിറ്റി അധികൃതർ