സന്ധ്യയുടെ ആത്മാവ് സാക്ഷി, കുടുംബത്തിന് പുതിയ വീട്
കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിനിടെ വള്ളം മുങ്ങി മരിച്ച സന്ധ്യയുടെ കുടുംബത്തിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വാഗ്ദാനം ചെയ്ത വീടിന്റെ നിർമ്മാണം പൂർത്തിയായി. നാളെ താക്കോൽ കൈമാറും.
2024 ഡിസംബർ 22നാണ് കൊല്ലം ശക്തികുളങ്ങര പുത്തൻതുരുത്ത് സേവ്യർ ഭവനിൽ സന്ധ്യ വള്ളം മുങ്ങി മരിച്ചത്.
ചവറയിൽ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണ് സന്ധ്യ വള്ളത്തിൽ തുരുത്തിനക്കരെയുള്ള കടവിൽ നിന്ന് വെള്ളം ശേഖരിക്കാനായി പോയത്. തിരികെ വരുമ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സന്ധ്യയ്ക്ക് സ്വന്തമായി വീടോ പുരയിടമോ ഉണ്ടായിരുന്നില്ല. വാടക വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് വീട് വച്ച് നൽകുമെന്ന് മരണാനന്തര ചടങ്ങുകൾക്ക് ശേഷം എംപി അറിയിച്ചിരുന്നു. കുടുംബത്തിന്റെ വരുമാന സ്രോതസ്സ് കൂടിയായിരുന്നു സന്ധ്യ.
പിന്നിലൊരു സന്മനസ്
പേര് വിളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ശക്തികുളങ്ങരയിലെ സന്മനസുള്ള മത്സ്യകയറ്റുമതി വ്യവസായിയുടെ സാമ്പത്തിക സഹായത്തോടെയാണ് കുറഞ്ഞ കാലയളവിനുളളിൽ ഭൂമി വാങ്ങി വീട് നിർമ്മിച്ചത്. 15 ലക്ഷത്തോളം രൂപയാണ് ചെലവായത്.