റെയിൽവേ മ്യൂസിയമാകാൻ കൊല്ലത്തെ ചീനക്കൊട്ടാരം
കൊല്ലം: ചിന്നക്കടയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ചീനക്കൊട്ടാരം റെയിൽവേ മ്യൂസിയമാക്കാൻ ആലോചന. കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ പുരോഗതി വിലയിരുത്താനെത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ചീനക്കൊട്ടാരം സന്ദർശിക്കും. മന്ത്രിക്കൊപ്പമുള്ള ഡിവിഷണൽ റെയിൽവേ മാനേജർ വിദശ രൂപരേഖ തയ്യാറാക്കി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും.
മന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഏതാനും ദിവസം മുൻപ് ചീനക്കൊട്ടാരക്കിന്റെ മുൻഭാഗം വൃത്തിയാക്കിയിരുന്നു. കൊട്ടാരം സ്വന്തം നിലയിൽ നവീകരിക്കുകയോ മറ്റ് ഏജൻസികൾക്ക് കൈമാറുകയോ ചെയ്യണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, റെയിൽവേ മുഖം തിരിച്ച് നിന്നു. ചുറ്റുപാടും കാടുകയറി നിലം പൊത്താറായ നിലയിലാണ് കെട്ടിടം. സാമൂഹ്യവിരുദ്ധരും ഇവിടെ തമ്പടിക്കാറുണ്ട്.
ശ്രീമൂലം തിരുനാളിന്റെ വിശ്രമകേന്ദ്രം
1904ൽ തിരുവിതാംകൂർ രാജാവായിരുന്നു ശ്രീമൂലം തിരുനാൾ രാമവർമ്മ മദ്രാസിലേക്കും മറ്റും കൊല്ലം- ചെങ്കോട്ട പാത വഴി യാത്രയ്ക്ക് വരുമ്പോൾ വിശ്രമിക്കാൻ ചിന്നക്കടയിൽ നിർമ്മിച്ച കേന്ദ്രമാണ് ചീനക്കൊട്ടാരം. കൊല്ലം- മദ്രാസ് റെയിൽപാത ആരംഭിക്കുന്നതിനൊപ്പം കൊട്ടാരം പൂർത്തിയായി. പരമ്പരാഗത ചൈനീസ് വീടുകളുമായി സാദൃശ്യമുള്ള തരത്തിൽ ചുവന്ന സോംബ്രേ ഇഷ്ടികകൾ കൊണ്ടായിരുന്നു നിർമ്മാണം. തിരുവനന്തപുരത്ത് ട്രെയിൻ സൗകര്യം വരുന്നതിന് മുമ്പ് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ കൊല്ലം 'തീവണ്ടിയാപ്പീസാ'ണ് ദീർഘദൂരയാത്രകൾക്ക് ഉപയോഗിച്ചിരുന്നത്. തിരുവനന്തപുരത്ത് തീവണ്ടിയാപ്പീസ് വന്ന ശേഷം അനാഥമായ കൊട്ടാരം പിന്നീട് മധുര ഡിവിഷന്റെ കൺട്രോൾ ഓഫീസായി ഉപയോഗിച്ചിരുന്നു.
...........................................
ഇൻഡോ - സറാസെനിക് ശൈലിയിൽ നിർമ്മാണം ഉള്ളിൽ ഏഴ് മുറികൾ
ഒറ്റനില കെട്ടിടം പുറത്ത് നിന്ന് നോക്കിയാൽ ഇരുനില എന്നാൽ ഒരു നില മാത്രം
............................
ചീനക്കൊട്ടാരം റെയിൽവേ മ്യൂസിയാക്കണമെന്ന ആവശ്യം ദീർഘകാലമായി ഉന്നയിക്കുന്നുണ്ട്. ഇടക്കാലത്ത് ഇക്കാര്യം റെയിൽവേ അംഗീകരിച്ചെങ്കിലും നടപ്പായില്ല. പിന്നീട് റെയിൽവേ സ്വന്തം നിലയിൽ നവീകരിച്ച് പരിപാലനത്തിനായി കോർപ്പറേഷനെയോ സമാന ഏജൻസികളെയോ ഏൽപ്പിക്കാമെന്ന് രേഖാമൂലം ഉറപ്പും നൽകിയിരുന്നു
എൻ.കെ. പ്രേമചന്ദ്രൻ എം.പി