ഇങ്ങനെപോയാൽ കേരളത്തിലെ ഈ സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടും, പ്രതിസന്ധിക്ക് പിന്നിൽ
കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്കൊപ്പം വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വിലയും കുതിച്ചു കയറിയതോടെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. ഇന്നലെ കൊമേഴ്സ്യൽ എൽപി.ജി വില ഒറ്റയടിയ്‌ക്ക് 111 രൂപയാണ് കൂട്ടിയത്.ഒരു വർഷത്തിനുള്ളിൽ ഒരു തവണ കുറച്ചപ്പോൾ നാലു തവണ വർദ്ധിപ്പിച്ചു.
ആറുമാസമായി ഇറച്ചിക്കോഴി വില 145 - 160 നിരക്കിലാണ്. കോഴിമുട്ടയ്‌ക്ക് 7.50 - 8 രൂപ വരെയെത്തി. മാട്ടിറച്ചി കിലോയ്‌ക്ക് 420 - 460 വരെയെത്തി. മുന്തിയ ഇനം മീനുകൾക്ക് കിലോയ്‌ക്ക് 1000 രൂപയ്‌ക്ക് മുകളിലാണ്. വെളിച്ചെണ്ണ വില 400 - 450 ലും മറ്റ് എണ്ണകൾക്ക് 300 രൂപ വരെയെത്തി. ഉഴുന്ന്, പയർ, പരിപ്പ് , അരിവില കൂടി. പച്ചക്കറി വിലയിലും വൻതോതിൽ വർദ്ധനവുണ്ടായി. കിലോയ്‌ക്ക് 60 രൂപയിൽ മുകളിലാണ് ഭൂരിഭാഗത്തിനും വില. ശബരിമല സീസണായതിനാൽ സർക്കാർ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ.
ഒറ്റയടിയ്‌ക്ക് വില കൂട്ടാനാകില്ല
ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്. വെജിറ്റേറിയൻ ഊണിന് മീഡിയം ഹോട്ടലുകളിൽ 60 - 100 രൂപ വരെയും വിലക്കുറവുള്ള മീൻകറിയോടെയുള്ള നോൺ വെജിന് കുറഞ്ഞത് 80 -90 രൂപയും ഈടാക്കിയിരുന്നു. ഒരു മീഡിയം ഹോട്ടലിൽ അഞ്ച് സിലിണ്ടർ ഒരു ദിവസം ഉപയോഗിക്കേണ്ടിവരും. ദിവസം 500 രൂപയുടെയും, മാസം 15000 രൂപയുടെയും അധിക ചെലവാണ് ഈ ഇനത്തിലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സമീപകാലത്ത് 18 ഹോട്ടലുകൾ ജില്ലയിൽ അടച്ചു പൂട്ടി.
തൊഴിലാളി ക്ഷാമം രൂക്ഷം
കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ് തൊഴിലാളികൾ. 1000-1500 രൂപയാണ് ദിവസക്കൂലി. മലയാളിയെങ്കിൽ തുക കൂടും. വാടകകെട്ടിടത്തിലാണെങ്കിൽ ഉയർന്ന വാടക നൽകണം. അന്യ സംസ്ഥാന തൊഴിലാളികൾ എസ്.ഐ.ആറുമായി ബന്ധപ്പെട്ടും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തതിനാലും മിക്കവരും നാട്ടിൽ ഉടൻ പോകും. ഇതോടെ തൊഴിലാളിക്ഷാമം രൂക്ഷമാകും.
''ലൈസൻസും ഫീസും മറ്റ് വൻ ചാർജുകളും നൽകി ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികിൽ പടുതയും വലിച്ചു കെട്ടി അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നത്. ഇക്കാര്യത്തിലും സർക്കാർ ഇടപെടണം. -ഷാഹുൽ ഹമീദ് (ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി )