കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ; രണ്ടാംഘട്ട നിർമ്മാണം മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും
മലപ്പുറം: കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും. ആറ് മാസത്തിനകം രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബസ് സ്റ്റേഷന്റെ ഫസ്റ്റ് ഫ്‌ളോർ, -1 ഫ്‌ളോർ എന്നിവയാണ് 6,000 സ്ക്വയർഫീറ്റോളം വിസ്തൃതിയിൽ രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കാനുള്ളത്. ഈ നിലകളിലേക്കുള്ള ഫയർ ആൻഡ് സേഫ്റ്റി, ലിഫ്റ്റ് അടക്കമുള്ളവയ്ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് സാങ്‌ഷൻ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇനി ടെക്നിക്കൻ സാങ്‌ഷൻ കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനായി രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാക്കാൻ എന്തെല്ലാം ആവശ്യമുണ്ടെന്നത് സംബന്ധിച്ച പ്രൊജക്ട് വർക്ക് പി.ഡബ്ള്യു.ഡിയിൽ സമർപ്പിക്കും. കെ.എസ്.എഫ്.ഇ, ജലനിധി, ജി.എസ്.ടി എന്നിവയെല്ലാം ഈ നിലകളിൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. -1 നിലയിൽ കെ.എസ്.ആർ.ടി.സിയുടെ തന്നെ ഓഫീസ് വിഭാഗം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രവർത്തിക്കും. ഒന്നാംഘട്ട നിർമ്മാണം കെ.എസ്.ആർ.ടി.സിയുടെ സിവിൽ വിഭാഗമായിരുന്നു ചെയ്തിരുന്നത്. രണ്ടാംഘട്ടത്തിന്റെ ചുമതല നൽകിയിരിക്കുന്നത് പി.ഡബ്ള്യു.ഡിക്കാണ്.
തുടക്കമിട്ടത് 2016ൽ
പി.ഉബൈദുള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ട് കോടിയും കെ.എസ്.ആർ.ടി.സി അനുവദിച്ച 90 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഒന്നാംഘട്ട പ്രവർത്തി പൂർത്തിയാക്കി 2025 മേയ് 27ന് ഉദ്ഘാടനം ചെയ്തത്.
ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്.
11 നിലകളായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കുകയായിരുന്നു.
രണ്ടാംഘട്ട നിർമ്മാണം നടത്തുന്ന രണ്ട് ഫ്‌ളോറുകളുടെയും വാണിജ്യ സാദ്ധ്യകൾ വിലയിരുത്തുന്നുണ്ട്. എത്ര കടമുറികൾക്ക് സ്ഥലം ലഭ്യമാക്കും എന്നിവ സംബന്ധിച്ച തീരുമാനമായിട്ടില്ല. രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയാവുന്നതോടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പൂർത്തിയാവും.
റിജു ദേവസത്തിൽ, കെ.എസ്.ആർ.ടി.സി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്