നിലമ്പൂരിൽ ടൂറിസം കോൺക്ലേവ്; 100 ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും
മലപ്പുറം: രാജ്യാന്തര വിനോദ സഞ്ചാര ഭൂപടത്തിൽ നിലമ്പൂരിനെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ മാസം 6, 7 തീയതികളിൽ നിലമ്പൂരിൽ ടൂറിസം കോൺക്ലേവ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി റൺ ഫോർ നിലമ്പൂർ എന്ന പേരിൽ ഇന്ന് കൂട്ടയോട്ടം നടക്കും. രാവിലെ ഏഴിന് കനോലി പ്ലോട്ടിൽ നിന്നാരംഭിച്ച് മാനവേദൻ സ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കും. കോൺക്ലേവിൽ വിവിധ സംസ്ഥാനങ്ങളിലെ 100 ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും. എട്ട് സെഷനുകളിലായി വിദഗ്ദ്ധർ നിലമ്പൂരിന്റെ സാദ്ധ്യതകൾ വ്യക്തമാക്കുന്ന പ്രസന്റേഷനുകൾ അവതരിപ്പിക്കും. കോൺക്ലേവിൽ വിവിധ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളുമുണ്ടാവും. ഏഴിന് രാവിലെ 9.30ന് കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറി സുമൻ ബില്ല കോൺക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കരിമ്പുഴ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് കോൺക്ലേവിന് വേദിയാകുക. രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് കോൺക്ലേവ് നടക്കുക. ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
2030 ആകുമ്പോഴേക്കും രാജ്യാന്തര ടൂറിസം ഭൂപടത്തിൽ നിലമ്പൂരിനെ മികച്ച ടൂറിസം കേന്ദ്രമാക്കി അടയാളപ്പെടുത്തുക എന്നതാണ് ടൂറിസം കോൺക്ലേവിന്റെ ലക്ഷ്യമെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ മലപ്പുറം പ്രസ് ക്ലബിലെ വാർത്താസമ്മേളനത്തിൽ പി.വി.അബ്ദുൽ വഹാബ് എം.പി പറഞ്ഞു. കോൺക്ലേവിന്റെ ഒന്നാംഘട്ടത്തിൽ മേഖലയുടെ സമഗ്ര വികസനത്തിന് 100 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കും. ഫണ്ട് കേന്ദ്രസർക്കാരിൽ നിന്ന് ലഭ്യമാക്കാൻ യോജിച്ച ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങളെ ലോകടൂറിസം രംഗത്തിന് പരിചയപ്പെടുത്തുന്നതാകും ടൂറിസം കോൺക്ലേവെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ പറഞ്ഞു
ടൂറിസം വികസനത്തിലൂടെ ആദിവാസി ഗോത്രസമൂഹത്തിനും നാട്ടുകാർക്കും തൊഴിലവസരം സൃഷ്ടിക്കും. വനത്തേയും പ്രകൃതിയെയും സംരക്ഷിക്കുന്ന പരിസ്ഥിതി സൗഹൃദ ടുറിസം വികസനമാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ടൂറിസം വകുപ്പുകൾ എന്നിവയുടെ സഹകണത്തോടെയാണ് കർമ്മപദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ടൂറിസം സെക്രട്ടറി കെ.ബിജു, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഡോ.പി.പുകഴേന്തി, റെയിൽവേ ഡിവിഷണൽ മാനേജർ മധുകർ റോട്ട് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഐ.ഡി.എഫ്.സി ഫൗണ്ടേഷൻ എം.ഡി എബി തോമസ്, ജെ.എസ്.എസ് ഡയറക്ടർ വി.ഉമ്മർ കോയ, മുജീബ് ദേവശ്ശേരി പങ്കെടുത്തു