'ശബരിമല സ്വർണക്കൊള്ളയിൽ നേതൃത്വം കൊടുത്ത എംപി പാ‌ർലമെന്റിലുണ്ട്,​ മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടയാളാണ്'

Saturday 03 January 2026 10:40 AM IST

പാലക്കാട്: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊള്ളക്കാരനാണെന്നറിഞ്ഞിട്ടല്ല പരിചയപ്പെട്ടതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കൊള്ളയിൽ കേരളത്തിൽ നിന്നുള്ള ഒരു മാർക്‌സിസ്റ്റ് എംപിക്ക് ബന്ധമുണ്ടെന്നും അയാളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ആരോപിച്ചത്.

'എന്റെ നിയോജക മണ്ഡലത്തിലുള്ളയാളാണ് ഉണ്ണികൃഷ്ണൻ പോ​റ്റി. അയാൾ കാട്ടുകള്ളനാണെന്നോ കൊള്ളക്കാരനാണോയെന്നറിഞ്ഞിട്ടല്ല ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. സൗഹൃദത്തിലായതിനുശേഷമാണ് ശബരിമലയിലെ അന്നദാനം ഉദ്ഘാടനം നിർവഹിക്കാൻ ഞാനെത്തണമെന്ന് ആവശ്യപ്പെട്ടത്. ഞാനവിടെ പോയി. ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഡൽഹിയിലെത്തിയപ്പോൾ ഉണ്ണികൃഷ്ണൻ പോ​റ്റി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കാണാനായി അപ്പോയിൻമെന്റ് എടുത്തിരുന്നു. ശബരിമലയിൽ നടത്തിയ പൂജയുടെ പ്രസാദം സോണിയ ഗാന്ധിക്ക് കൊടുക്കണമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോ​റ്റിയോടൊപ്പം ഞാൻ പോയത്.

അയാൾക്ക് സോണിയാ ഗാന്ധിയെ കാണാനായി യാതൊരു സഹായവും ഞാൻ ചെയ്തിട്ടില്ല. ഡൽഹിയിൽ എത്തിയതിനുശേഷമാണ് അയാൾ എന്നെ വിളിച്ചത്. എംപിയെന്ന നിലയിൽ ഒപ്പം വന്നാൽ കൊള്ളാമായിരുന്നുവെന്നാണ് പറഞ്ഞത്. ഇതിനെല്ലാം നേതൃത്വം കൊടുത്ത ഒരാൾ പാർലമെന്റിലുണ്ട്. മാർക്സിസ്​റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. അതിനെക്കുറിച്ച് അന്വേഷിക്കൂ. ബിജെപിയും കമ്യൂണിസ്​റ്റുമായി പാലം പണിയാൻ പോയ ആളാണ്. അവരുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണം. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഫോൺകോളുകൾ പരിശോധിക്കൂ'- അടൂർ പ്രകാശ് പറഞ്ഞു.