'ഫോട്ടോയെടുത്തപ്പോൾ ഞാനും നിന്നു, ആരാണ് കൂടെനിൽക്കുന്നതെന്ന് അറിയില്ലായിരുന്നു'; ആന്റോ ആന്റണി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്‌തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആന്റോ ആന്റണി എംപി. സോണിയാ ഗാന്ധിയ്‌ക്കൊപ്പം 2013-14 കാലഘട്ടത്തിലുള്ള ചിത്രമാണ് തന്റെ പേരിൽ പ്രചരിക്കുന്നത്. പ്രയാർ ഗോപാലകൃഷ്‌ണനാണ് അന്നത്തെ ദേവസ്വംബോർഡ് പ്രസിഡന്റ്. ഞാനും ഫോട്ടോയെടുത്തപ്പോൾ നിന്നു. ആരാണ് കൂടെ നിൽക്കുന്നതെന്ന് അറിയില്ലായിരുന്നു.
'ശബരിമല അന്വേഷണവുമായി ബന്ധപ്പെട്ടുള്ള തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ സൃഷ്‌ടിക്കുന്ന കഥകളാണിത്. പൊതുപ്രവർത്തകർക്കൊപ്പം നിരവധിയാളുകൾ ഫോട്ടോയെടുക്കാൻ വരും. അടിസ്ഥാന രഹിതമായ കാര്യങ്ങൾ കാണിച്ച് ശ്രദ്ധതിരിക്കാതെ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തണം. എന്നാൽ, അന്വേഷണം തടസപ്പെടുത്തുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് പൊതുസമൂഹത്തിന് ബോദ്ധ്യമാകുന്നുണ്ട്'- ആന്റോ ആന്റണി പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ആന്റോ ആന്റണി എംപിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എംപിയെന്ന നിലയിൽ ആന്റോ ആന്റണിയാണ് സോണിയാ ഗാന്ധി - ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്തതെന്നാണ് എസ്‌ഐടിക്ക് ലഭിച്ച വിവരം.
ആന്റോയും സോണിയയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി വിളിപ്പിച്ചിരുന്നു. ഉടൻ തന്നെ ആന്റോ ആന്റണിയെയും ചോദ്യം ചെയ്തേക്കും എന്നാണ് വിവരം.