അദ്ധ്യാപക സംഘടനകളുടെ എതിർപ്പ് ശക്തമായി; കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

Saturday 03 January 2026 11:04 AM IST

തിരുവനന്തപുരം: സ്കൂൾ അദ്ധ്യാപകർക്ക് കെ ടൈറ്റ് നിർബന്ധമാക്കിയ സംസ്ഥാനസർക്കാർ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അദ്ധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് നടപടി. വരുന്ന ഫെബ്രുവരിയിൽ നിലവിൽ സർവീസിലുള്ള കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകർക്കുവേണ്ടി പരീക്ഷ നടത്തുന്നുണ്ട്. അതിന്റെ ഫലം വന്നതിനുശേഷമായിരിക്കും പുതിയ ഉത്തരവ് വരുന്നത്. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകുമെന്നും മന്ത്രി അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അദ്ധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയ​റ്റത്തിൽ വ്യക്തത വരുമെന്നാണ് മന്ത്രി പറഞ്ഞത്.

സുപ്രീം കോടതി തീരുമാന പ്രകാരമാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയതെങ്കിലും, അതിലെ നിർദേശങ്ങൾ അദ്ധ്യാപകരുടെ സ്ഥാനക്കയ​റ്റത്തെയും തൊഴിൽ സുരക്ഷയെയും ബാധിക്കുമെന്നായിരുന്നു സംഘടനകളുടെ പരാതി. പ്രതിപക്ഷ സംഘടനകൾക്ക് പിന്നാലെ ഭരണാനുകൂല സംഘടനയായ കെ എസ് ടി എ, എ കെ എസ് ടി യു എന്നിവയും ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.

അദ്ധ്യാപക നിയമനത്തിനും സ്ഥാനക്കയ​റ്റത്തിനും യോഗ്യതാ പരീക്ഷയായ കെടെ​റ്റ് നിർബന്ധമാക്കുകയും അധിക യോഗ്യതയുള്ളവർക്ക് അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കുകയും ചെയ്തതോടെ 60,000 അദ്ധ്യാപകരുടെ ഭാവിയാണ് ആശങ്കയിലായത്. ഇത്രയും പേർ കെ.ടെ​റ്റ് പാസാകാതെയാണ് സർവീസിൽ തുടരുന്നത്. ഇവർക്കുവേണ്ടിയാണ് ഫെബ്രുവരിയിൽ പരീക്ഷ നടത്തുത്. കൂടുതൽ പേർ പാസാക്കാൻവേണ്ടി പരീക്ഷ എളുപ്പത്തിലാക്കുമോ എന്ന് സംശയം ചില കേന്ദ്രങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ ചെയ്താൽ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കെ ടെറ്റ് പാസാകാൻ രണ്ടു വർഷത്തെ സാവകാശം നൽകിയിട്ടുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം. കുറേപേർ രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെയെന്നാണ് ഫെബ്രുവരിയിലെ കെ ടെറ്റ് പരീക്ഷയെക്കുറിച്ച് മന്ത്രി പറഞ്ഞത്.