തന്റെ അസാന്നിദ്ധ്യം അവസരമാക്കി, വലിയ മാനനഷ്ടം ഉണ്ടായി; രാഹുലിനെതിര പരാതിക്കാരിയുടെ ഭർത്താവ്

Saturday 03 January 2026 12:37 PM IST

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കുരുക്ക്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിയുമായി രംഗത്തെത്തിയത്.രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.

തന്റെ അസാന്നിദ്ധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. താനും ഭാര്യയും തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, ബലാത്സം​ഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുൽ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.