സർവ്വം അജു
15 വർഷത്തെ അഭിനയ യാത്രയിൽ അജു വർഗീസ്
മലർവാടി ആർട്സ് ക്ളബിൽനിന്ന് 'സർവ്വം മായ" വരെ അജു വർഗീസിന്റെ ദൂരം കൃത്യം 15വർഷം .പ്രേക്ഷകർ എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന നിവിൻ പോളി - അജുവർഗീസ് കൂട്ടുകെട്ട് പത്താം തവണ 'സർവ്വം മായ"യായി ക്രിസ്മസ് ദിനത്തിൽ തിയേറ്രറിൽ എത്തി. ആവോളം ചിരി സമ്മാനിക്കുന്ന കഥാപാത്രത്തിൽനിന്ന് മാറി സ്വഭാവ നടനിലേക്ക് വലിയ ഒരു മാറ്റം നടത്തി മുന്നേറുകയാണ് അജു. മുൻപും പല തവണ ഈ കാഴ്ച കണ്ടതാണ്. ആമോസ് അലക്സാണ്ടറിൽ ആണ് ഇതിന് മുൻപ് ഇത്തരം കഥാപാത്രത്തിന്റെ മുഖം അവാസനം കാണാൻ സാധിച്ചത്. സർവ്വം മായയിൽ ചിരി സമ്മാനിക്കുന്ന അജു വർഗീസ് വിശേഷങ്ങൾ പങ്കിടുന്നു. സർവ്വം മായയുമായി നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുമ്പാൾ പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കാം ? ഞങ്ങളൊരുമിക്കുന്ന സിനിമ എന്നു പറയുമ്പോൾ എന്റെഒരു ചെറിയ വേഷം ആണ് . എട്ട് ,ഒമ്പത് സീനുകൾ മാത്രമേ വരുന്നുള്ളൂ.മുൻപ് ചെയ്ത സിനിമകളിലെ വേഷങ്ങൾ പോലെ താരതമ്യം ചെയ്യാൻ സാധിക്കില്ല.പൂജാ കർമ്മങ്ങൾ ചെയ്യുന്ന കഥാപാത്രം ആണ് എന്റേത്.നിവിനും ഞാനും ബന്ധുക്കൾക്കായാണ് വരുന്നത്. ഇതിനു മുൻപ് ചെയ്ത സിനിമയിലെ പോലെ വളരെ പൊട്ടിച്ചിരിപ്പിക്കുന്ന വേഷമല്ല.നിവിന്റെ ജീവിതത്തിൽ ഈ ബന്ധുവിന്റെ ഒരു സ്വാധീനം വരുന്ന രീതിയിൽ ഫീൽ ഗുഡ് സിനിമയാണ് ഇത്.കുടുംബസമേതം വന്നിരുന്ന് കാണാൻ സാധിക്കുന്ന അന്തരീക്ഷം തരുന്ന നല്ല സിനിമ . നിവിൻ - അജു കൂട്ടുകെട്ടിൽ പരിഭവങ്ങൾ ഉണ്ടാകാറുണ്ടോ? തീർച്ചയായും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതുവരെ അങ്ങനെ നീണ്ടു നിന്ന പരിഭവങ്ങൾ ഒന്നും ഇല്ല.ഒരു തവണ ഞാൻ നിർമ്മിച്ച സിനിമയുടെ സമയത്ത് ആശയവിനിമയത്തിൽ ഉണ്ടായ പ്രശ്നവും തെറ്റിദ്ധാരണയും വന്നതിന്റെ ഭാഗമായി ചെറിയൊരു പിണക്കം സംഭവിച്ചു.എന്നാലും അത് അധികകാലം നീണ്ടൊന്നും പോയില്ല.ഞങ്ങളൊന്ന് നേരിട്ട് കണ്ട് സംസാരിച്ചപ്പോഴേക്കും അതെല്ലാം മാറി.ആ ഒരെണ്ണം മാത്രമാണ് കാര്യമായി എടുത്തു പറയാൻ സാധിക്കുന്ന ഒന്ന്. സിനിമയിലെ 15 വർഷത്തെ യാത്ര എങ്ങനെയാണ് വിലയിരുത്തുന്നത് ? സന്തോഷം. സിനിമ ചെയ്യാൻ അവസരം തന്നവരോടാണ് ആദ്യത്തെ കടപ്പാട് .കാരണം സംവിധായകരും എഴുത്തുകാരുമാണല്ലോ സിനിമ ചെയ്യാൻ നമ്മളെ തിരഞ്ഞെടുക്കുന്നത്.അതുപ്പോലെ പ്രേക്ഷകർ, സിനിമയിൽ ഞങ്ങളെ എല്ലാവരെയും വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.ഇതു രണ്ടും ഒരുമിപ്പിക്കുമ്പോഴാണ് ഒരു നടന്റെ നിലനിലപ് പൂർത്തിയാകുന്നത്. 2025 കരിയറിൽ എന്ത് സമ്മാനിച്ചു ? പ്രത്യേകിച്ചൊരു വിശേഷ വർഷം എന്ന് തോന്നുന്നില്ല. എല്ലാ തവണത്തെയുംപോലെ ഈ വർഷവും നിരവധി സിനിമകളിൽ അഭിനയിക്കാനും പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാനും കഴിഞ്ഞു. കേരള ക്രൈം ഫയൽസ് സീസൺ 2, ലൗ അണ്ടർ കൺസ്ട്രക്ഷൻസ് എന്നീ വെബ് സീരിസുകൾ, തിയേറ്റിൽ ശ്രദ്ധിക്കപ്പെടാതെ പോയ 'സ്ഥാനാർത്തി ശ്രീക്കുട്ടൻ" ഒ.ടി.യിയിൽ സൂപ്പർ ഹിറ്റായി മാറിയപ്പോൾഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിൽ സ്കൂൾ ക്ളാസ് മുറിയിലെ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ ക്രമീകരിച്ചു. ബാക്ക് ബെഞ്ചിലും ബാക്ക് ബെഞ്ചർ വിളിയിലും മാറ്റത്തിന് തുടക്കം കുറിച്ചു എന്നത് സന്തോഷം തരുന്ന കാര്യം ആണ്. ക്രിസ്മസിന് എത്തിയ സർവ്വം മായയും വലിയ വിജയം നേടുന്നു . പുതുവർഷം നൽകുന്ന പ്രതീക്ഷ എന്ത് ? മുൻകൂട്ടി തീരുമാനിച്ച് കാര്യങ്ങൾ ചെയ്യുന്ന പരിപാടി കൊവിഡിനുമുൻപേ നിറുത്തിയിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ചിട്ടയോടെ ചെയ്യാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്.അതാണ് നല്ലതെന്ന് പലപ്പോഴും തോന്നി. സംവിധാനം ആലോചനയിൽ ഉണ്ടോ ? ഒരു സമയംവരെ സംവിധാനത്തിൽ താത്പര്യമുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ആ ഒരു താത്പര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് അതിനെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ല. നടൻ എന്ന നിലയിൽ എങ്ങനെയായിരിക്കും ഇനി മാറാൻ ശ്രമിക്കുക ? മാറാൻ ശ്രമമൊന്നും ഇല്ല.ഇപ്പോൾ എങ്ങനെയാണോ അതുപോലെ തന്നെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.പിന്നെ ചെയ്യുന്ന ജോലിയിൽ എന്തൊക്കെ തരം പുരോഗതികൾ കൊണ്ടുവരാൻ സാധിക്കുമോ,അതിനുവേണ്ടി ശ്രമിക്കാനും സാദ്ധ്യതകളെ നല്ലരീതിയിൽ ഉപയോഗപ്പെടുത്താനുമാണ് വിചാരിക്കുന്നത്.
'