ചെരിപ്പിലും ഹെൽമറ്റിലും അപകടം പതിയിരിപ്പുണ്ട്,​ മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

Saturday 03 January 2026 2:21 PM IST

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പുകളുടെയും വെള്ളിമൂങ്ങകളുടെയും ശല്യം വർദ്ധിക്കുന്നു. പ്രജനനകാലം കഴിഞ്ഞ് ഇവ മുട്ടയിടുന്ന സമയമായതാണ് ജനവാസമേഖലകളിൽ ഇവയെ കൂടുതൽ കാണാൻ കാരണം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വനംവകുപ്പിന്റെ 'സർപ്പ' (SARPA) റെസ്ക്യു ടീം പിടികൂടിയത് 17 മൂർഖൻ പാമ്പുകൾ,​ 9 വെള്ളിമൂങ്ങകൾ,​ രണ്ട് പെരുമ്പാമ്പുകൾ എന്നിങ്ങനെയാണ്.

പാത്താമുട്ടം, മണർകാട്, തോട്ടക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഇവയെ പ്രധാനമായും കണ്ടെത്തിയത്. തോട്ടക്കാട് ഒരു മാളത്തിൽ നിന്നുതന്നെ മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. മറ്റു പക്ഷികളുടെ ആക്രമണം ഭയന്നാണ് വെള്ളിമൂങ്ങകൾ വീടുകൾക്കുള്ളിൽ അഭയം തേടുന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

പാമ്പുകൾ വീടിനുള്ളിൽ കടക്കുന്നത് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക:

  • വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടിയിടരുത്.
  • വാതിലുകൾക്കും ജനലുകൾക്കും സമീപം ചകിരി, വൈക്കോൽ, വിറക് എന്നിവ അലക്ഷ്യമായി ഇടുന്നത് ഒഴിവാക്കുക. ഇവ പാമ്പുകൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ ഇടമൊരുക്കും.
  • അടുക്കള, വാട്ടർ ടാങ്കിന്റെ പരിസരം, ഓവുചാലുകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
  • ചെരിപ്പ്, ഷൂസ്, ഹെൽമറ്റ് എന്നിവ ധരിക്കുന്നതിന് മുൻപ് അവയ്ക്കുള്ളിൽ പാമ്പോ മറ്റ് ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
  • പാമ്പുകളെ കാണുകയാണെങ്കിൽ സ്വയം പിടിക്കാൻ ശ്രമിക്കാതെ ഉടൻ തന്നെ വനംവകുപ്പിനെയോ അംഗീകൃത പാമ്പ് പിടുത്തക്കാരെയോ വിവരം അറിയിക്കുക.