'തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു കുപ്പിക്കുള്ളത് അയയ്ക്കാം'; ബെവ്‌കോയുടെ പുതിയ മദ്യത്തിന് കിടിലൻ പേരു നിർദേശിച്ച് മീനാക്ഷി അനൂപ്
തിരുവനന്തപുരം: കേരളസർക്കാർ നിർമ്മിക്കുന്ന പുതിയ മദ്യത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിക്കൊണ്ടുള്ള അറിയിപ്പ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. ബീവറേജസ് കോർപ്പറേഷന്റെ പലക്കാട് മലബാർ ഡിസ്‌റ്റലറീസിൽ നിർമ്മിക്കാൻ ഉദേശിക്കുന്ന ബ്രാൻഡിക്കാണ് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ബ്രാൻഡിക്ക് ഇടാൻ പറ്റിയ വെറൈറ്റി പേരുകൾ നിർദേശിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മീനാക്ഷി പേരുകൾ നിർദേശിച്ചത്.
'മീനൂട്ടി പുതിയ ബെവ്‌കോ മദ്യത്തിന് പേര് പറഞ്ഞുകൊടുക്കാമോ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'കിസാൻ...ബാർ ഫയർ...മജീഷ്യൻ...മാഗ്നിഫയർ...അല്ലെങ്കി വേണ്ട 'മൽപ്പാൻ'...(സേവിച്ചാ വല്ല്യ മല്ലാ പിന്നെ)...അതു മതി, കിടുക്കും ...(ബവ്‌കോ ഇതുകണ്ട് പേരിഷ്‌ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്‌ക്കുന്നതായിരിക്കും)' എന്നാണ് മീനാക്ഷിയുടെ മറുപടി.
പുതിയ ബ്രാൻഡിക്കായി നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിയ്‌ക്കകം malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയയ്‌ക്കണം. അനുയോജ്യമായ പേരും ലോഗോയും അയയ്‌ക്കുന്നവർക്ക് 10000 രൂപയാണ് സമ്മാനം ലഭിക്കുന്നത്. പുതിയ ബ്രാൻഡിന്റെ ഉദ്‌ഘാടന വേളയിൽ സമ്മാനം നൽകും. തിരുവല്ലയിലെ പ്ലാന്റിൽ ഉത്‌പാദിപ്പിക്കുന്ന ജവാൻ റം ആണ് നിലവിൽ ബെവ്‌കോ സ്വന്തം നിലയ്‌ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാൻഡി നിർമ്മിക്കുന്നത് ഇതാദ്യമാണ്.