'തൊണ്ടിമുതൽ കേസിൽ ഞാൻ നിരപരാധി, കോടതികളിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്'

Saturday 03 January 2026 3:27 PM IST

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ താൻ നിരപാരാധിയാണെന്ന് ആന്റണി രാജു എംഎൽഎ. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കോടതികളിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

'കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പൊടുന്നനെയാണ് തനിക്കെതിരെ കേസ് വന്നത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'- ആന്റണി രാജു പറഞ്ഞു.

തൊണ്ടിമുതൽ കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കണ്ടെത്തിയത്. 34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഒന്നാം പ്രതി കെ എസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. സിജെഎം കോടതിയാകും ശിക്ഷാവിധി പ്രഖ്യാപിക്കുക. 409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്.

ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ രണ്ടു വർഷത്തിന് മുകളിലാണ് ശിക്ഷ ലഭിക്കുന്നതെങ്കിൽ നിലവിലെ എംഎൽഎ സ്ഥാനം നഷ്ടമാകും. മാത്രമല്ല, അടുത്ത ആറു വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുമില്ല. ശിക്ഷാവിധി മേൽക്കോടതി സ്​റ്റേ ചെയ്താലും അയോഗ്യത മാറില്ല. ശിക്ഷ മാത്രമാണ് സ്​റ്റേ ചെയ്യപ്പെടാറുള്ളത്. വിധിക്ക് സ്​റ്റേ ലഭിക്കാറില്ല എന്നതാണ് കാരണം.