'ഇടപാടുകൾ പുറത്തുപറയും, കൊടി സുനിയടക്കം കുടുങ്ങും'; താമരശേരിയിൽ മരിച്ച യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Saturday 03 January 2026 4:24 PM IST

കോഴിക്കോട്: താമരശേരി കൈതപ്പൊയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരുഹതയേറുന്നു. ഹസ്നയെന്ന യുവതിയാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന ആദിൽ എന്ന യുവാവിന് ഹസ്ന അയച്ച ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതിൽ നിന്നാണ് ദുരൂഹതയുണ്ടാക്കുന്ന വിവരങ്ങൾ ലഭിച്ചത്. ലഹരി ഇടപ്പാടുകൾ പുറത്തുപറയുമെന്നും കൊടിസുനിയും ഷിബുവുമടക്കം കുടുങ്ങുമെന്നും ശബ്ദസന്ദേശത്തിൽ യുവതി പറയുന്നു.

ആദിൽ ഫോൺ എടുക്കാത്തതിനെ തുടർന്നാണ് ഹസ്ന ഓഡിയോ സന്ദേശം അയച്ചത്. എന്റെ ജീവിതം പോയെന്നും യുവതി പറയുന്നു. കൊടിസുനി മുതൽ ഷിബു വരെ കുടുങ്ങും. എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്നും യുവതി പറയുന്നുണ്ട്. വീട്ടിലേക്ക് വരുന്നെന്ന് ഹസ്ന വിളിച്ചുപറഞ്ഞിരുന്നെങ്കിലും പിന്നീട് മരണവിവരമാണ് കുടുംബം അറിഞ്ഞത്. എട്ട് മാസമായി ആദിലിനൊപ്പം ഫ്ലാറ്റിലായിരുന്നു ഹസ്ന താമസിച്ചിരുന്നത്. സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. യുവതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.