അടഞ്ഞുകിടന്ന വീട്ടിൽ മോഷണം
Sunday 04 January 2026 12:37 AM IST
ആലുവ: ആശാൻ ലൈനിൽ അടഞ്ഞുകിടന്ന വീട്ടിൽ മോഷണം. അലമാരകളും കബോർഡുകളുമെല്ലാം കുത്തിതുറന്നിട്ടുണ്ട്. എന്തെല്ലാം നഷ്ടമായെന്ന് വീട്ടുടമ എത്തിയാലെ വ്യക്തമാകൂ. നിലവിൽ വീടിന്റെ ഹാളിൽ സൂക്ഷിച്ചിരുന്ന വലിയ നിലവിളക്കും പറയും നഷ്ടപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.
തിരുപ്പതിയിൽ ജോലി ചെയ്യുന്ന പെരുമ്പിള്ളി എൻ. അശോകിന്റെ വീട്ടിലായിരുന്നു മോഷണം. അശോകും ഭാര്യയും ജോലി സംബന്ധമായി തിരുപ്പതിയിലും മകൻ ഗുജറാത്തിലുമാണ്. സമീപം താമസിക്കുന്ന ബന്ധു ഇന്നലെ രാവിലെ ചെടിക്ക് വെള്ളം നനക്കാനെത്തിയപ്പോഴാണ് വീടിന്റെ പുറകിലെ ഗ്രിൽ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. ഉടമസ്ഥൻ തിരുപ്പതിയിൽ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. ആലുവ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.