പാൽ തലയിൽ ഒഴിച്ചുള്ള പ്രതിഷേധം; യുവാവിനെതിരെ ക്ഷീരകർഷകർ ഒന്നടങ്കം രംഗത്ത്

Saturday 03 January 2026 4:44 PM IST

കൊല്ലം: തന്റെ പശുക്കളുടെ പാൽ മാത്രം സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സൊസൈറ്റിക്ക് മുൻപിൽ പ്രതിഷേധിച്ച യുവാവിനെതിരെ പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ രംഗത്ത്. കൊല്ലം പരവൂരിലെ കൂനയിൽ ക്ഷീരോൽപ്പാദക സംഘത്തിന്റെ മുന്നിലാണ് യുവാവ് പ്രതിഷേധിച്ചത്. പാൽ പിരിഞ്ഞുപോകുന്നുവെന്ന വിചിത്ര വാദം ഉന്നയിച്ച് തന്റെ പശുക്കളുടെ പാൽ മാത്രം സൊസൈറ്റി അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് യുവാവ് ആരോപിച്ചത്. താൻ കൊണ്ടുവന്ന പാൽ തലയിലൂടെ ഒഴിച്ചാണ് സൊസൈറ്റിക്ക് മുന്നിൽ യുവാവ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ, ഇപ്പോൾ യുവാവിന്റെ വാദങ്ങൾ തള്ളിക്കള‌ഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ. പരവൂർ സ്വദേശിയായ വിഷ്‌ണു എന്ന യുവാവാണ് പ്രതിഷേധം നടത്തിയത്. ഇയാൾ ക്ഷീരകർഷകനല്ലെന്നും മറിച്ച് പശുക്കച്ചവടമാണ് ഇയാളുടെ തൊഴിലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

'കച്ചവടത്തിനായി തമിഴ്‌നാട്ടിൽ നിന്നും മറ്റുമാണ് ഇയാൾ പശുക്കളെ എത്തിക്കുന്നത്. ദിവസങ്ങളോളം കറക്കാതെ നിൽക്കുന്ന പശുക്കളാണതെല്ലാം. ആ പശുക്കളുടെ പാൽ പെട്ടെന്ന് പിരിയും. അത് സൊസൈറ്റിയിൽ സ്വീകരിക്കുമ്പോൾ അവിടെയുള്ള ബാക്കി പാൽ കൂടി പിരിഞ്ഞ് പോകുന്നു. ഏകദേശം അറുപതോളം കർഷകർ സൊസൈറ്റിയിൽ പാൽ നൽകുന്നുണ്ട്. ഒരു കാനിനുള്ളിൽ 40 ലിറ്റർ പാലാണ് ഉൾക്കൊള്ളുന്നത്. ഒന്നിൽ കൂടുതൽ കർഷകർ കൊണ്ടുവരുന്ന പാൽ ഒഴിക്കുമ്പോഴാണ് ഒരു കാൻ നിറയുന്നത്. അങ്ങനെയാകുമ്പോൾ ഒരാൾ കൊണ്ട് വരുന്നത് മോശം പാലാണെങ്കിൽ ബാക്കിയുള്ളത് മുഴുവൻ കേടാകുന്നു. ഇത് കണ്ടെത്തിയപ്പോൾ യുവാവിന് പ്രത്യേകം കാൻ നൽകിയിരുന്നു. അതിലുള്ള പാലും കേടായതോടെയാണ് പൊതുയോഗം കൂടി ഇനിമുതൽ ആ വ്യക്തിയുടെ പാൽ എടുക്കേണ്ടെന്ന് തീരുമാനിച്ചത്. അല്ലാതെ ആ തീരുമാനം സൊസൈറ്റി അധികൃതരുടേത് മാത്രമല്ല' - മറ്റ് ക്ഷീരകർഷകർ പറയുന്നു.

പശുക്കൾ പ്രസവിച്ച് തൊട്ടടുത്ത ദിവസങ്ങളിലെ പാൽ ഉപയോഗിക്കാറില്ല. ഇത്തരം പാലും യുവാവ് സൊസൈറ്റിയിൽ എത്തിക്കാറുണ്ടെന്ന് കർഷകർ പറയുന്നു. യുവാവിന്റെ പശുക്കളുടെ പാൽ സൊസൈറ്റിയിൽ സ്വീകരിച്ചാൽ തങ്ങളുടെ പശുക്കളുടെ പാൽ അവിടെ നൽകില്ലെന്നുള്ള നിലപാടിലാണ് മറ്റ് കർഷകർ.

സിപിഎംകാരനായ കർഷകൻ പറഞ്ഞിട്ടാണ് സൊസൈറ്റി അധികൃതർ തന്റെ പശുക്കളുടെ പാൽ സ്വീകരിക്കാത്തതെന്നും യുവാവ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തങ്ങളിൽ പലരും വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ അംഗമാണെന്നും ജാതിമതരാഷ്‌ട്രീയ ഭേദമില്ലാതെയാണ് ഇവിടെ പാൽ സ്വീകരിക്കുന്നതെന്നും കർഷകർ പറഞ്ഞു.