'മരണത്തിലേക്ക് എത്തിയപ്പോഴാണ് അതിന്റെ വില ശരിക്കും മനസിലായത്'; നടൻ ബാല
പുതുവത്സരദിനം ഭാര്യ കോകിലയ്‌ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് നടൻ ബാല. തന്റെ ജീവിതവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്കും താരം മറുപടി പറഞ്ഞു. പ്രേക്ഷകർക്ക് വേണ്ടി കോകിലയാണ് ബാലയോട് ചോദ്യങ്ങൾ ചോദിച്ചത്. സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. പുതുവർഷത്തിൽ ലഭിച്ച സമ്മാനത്തെക്കുറിച്ചും പുതിയ ചിത്രങ്ങളിൽ അഭിനയിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചും ബാല സംസാരിച്ചു.
ശത്രുക്കളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന കോകിലയുടെ ചോദ്യത്തിന് തനിക്ക് ശത്രുക്കളില്ല എന്നായിരുന്നു ബാലയുടെ മറുപടി. 'നമ്മളോട് ശത്രുത കാണിക്കുന്നവരെ ശത്രുവായി കണ്ടാൽ മാത്രമല്ലേ അവർ ശത്രുവാകുന്നുള്ളു. മിത്രമായി കണ്ടാൽ എങ്ങനെ ശത്രുവാകും? എല്ലാവരും എപ്പോഴും നന്നായിരിക്കണം. 2026ൽ എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ. വിവാഹത്തിന് ശേഷം പോലും ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി' ബാല പറഞ്ഞു.
'തിരക്കഥകൾ കേൾക്കുന്നുണ്ടെങ്കിലും ചെയ്യാത്തതിനുകാരണം ആറ്റിറ്റ‌്യൂഡ് തന്നെയാണ്. അതേ പഴയ ബാലയും അതേ നടനും തന്നെയാണ് ഞാൻ. സർജറിക്കുശേഷം സിനിമയിൽ നല്ലൊരു സക്‌സസ് കൊടുക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. വെറുതെ സിനിമ ചെയ്യാൻ വേണ്ടി ഏതെങ്കിലും സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ല. ദൈവം സഹായിച്ച് മഹാന്മാരായ ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മോഹൻലാൽ സർ, , മമ്മൂട്ടി സർ, സുരേഷ് ഗോപി സർ, എന്റെ പ്രിയസുഹൃത്ത് പൃഥ്വിരാജ്, ടോവിനോ തോമസ് തുടങ്ങിയവരുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇനിയൊരു സിനിമ ചെയ്യുകയാണെങ്കിൽ അതിന് അർത്ഥമുണ്ടാകും. 2026ൽ ഈ ആഗ്രഹം നടക്കാൻ എല്ലാവരും പ്രാർത്ഥിക്കണം' ബാലയുടെ വാക്കുകൾ.
സന്തോഷമായിരിക്കുക എന്നതാണ് തനിക്ക് മറ്റുള്ളവർക്ക് നൽകാനുള്ള ഉപദേശമെന്ന് ബാല പറയുന്നു. എല്ലാം തികഞ്ഞ ശരീരമുണ്ടായിട്ടും ജീവിതത്തിൽ പരാതികൾ മാത്രം പറയുന്നവരെ താൻ കണ്ടിട്ടുണ്ടെന്നും മരണത്തിലേക്ക് എത്തിയപ്പോഴാണ് ജീവിതത്തിന്റെ വില ശരിക്കും മനസിലായതെന്നും ബാല പറയുന്നു. സ്വയം സന്തോഷിക്കുന്നതിനൊപ്പം മറ്റുള്ളവരെ സന്തോഷത്തോടെ വയ്‌ക്കണമെന്ന സന്ദേശം കൂടി ബാല പങ്കുവച്ചു.