'സ്ത്രീധനമായി കിട്ടിയത് 50 പവൻ'; നിറമില്ലെന്ന് പറഞ്ഞ് ഭർത്താവ് തലാക്ക് ചൊല്ലി, വീട്ടുപടിക്കൽ യുവതിയുടെ പ്രതിഷേധം

Saturday 03 January 2026 6:54 PM IST

കോഴിക്കോട്: ഭർത്താവിന്റെ വീട്ടുപടിക്കൽ ഒറ്റയാൾ സമരം തുടർന്ന് യുവതി. കോഴിക്കോട് ഫറോക്കിലാണ് സംഭവം. ചേളാരി സ്വദേശിയായ ഹസീനയും മൂന്നാം ക്ലാസുകാരനായ മകനുമാണ് ഭർതൃവീടിന് മുന്നിൽ സമരം ചെയ്യുന്നത്. അകാരണമായി തന്നെ തലാഖ് ചൊല്ലി ഭർത്താവ് ബന്ധം വേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് യുവതിയുടെ നീക്കം.

കുടുംബ കോടതിയിൽ നിന്നും ഭർത്താവിനൊപ്പം ജീവിക്കാനുള്ള ഉത്തരവുമായാണ് ഹസീനയും മകനും ഫറോക്കിലെ വീട്ടിലെത്തിയത്. എന്നാൽ ഭർത്താവും കുടുംബവും വീട് പൂട്ടി മറ്റൊരിടത്തേക്ക് താമസം മാറി. ഇതോടെ ഒരാഴ്ചയായി ഹസീനയും മകനും വീട്ടുവരാന്തയിലാണ് കഴിയുന്നത്.

ആറ് മാസം മുൻപാണ് ഭർത്താവുമായി പിരിഞ്ഞ് ഹസീന തന്റെ വീട്ടിലേക്ക് പോകുന്നത്. ഇതിന് പിന്നാലെയാണ് ഭർത്താവ് ഫാസിൽ തലാക്ക് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതെന്ന് യുവതി പറയുന്നു. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതായും ഹസീന വ്യകത്മാക്കി.

എന്നാൽ എട്ട് ദിവസം മുൻപ് കുടുംബ കോടതിയിൽ നിന്ന് ഫാസിലിനൊപ്പം ജീവിക്കാനുള്ള അനുമതി നൽകിയുള്ള ഉത്തരവ് ലഭിച്ചത്. തുടർന്ന് യുവതി ഭർത്താവിന്റെ വീട്ടിൽ എത്തുകയായിരുന്നു. നിറം വിഭ്യാഭ്യാസം എന്നിവ കുറവാണെന്ന് പറഞ്ഞാണ് ഭർത്താവ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും യുവതി പറയുന്നു. വിവാഹത്തിന് 50 പവൻ സ്ത്രീധനമായി നൽകിയിരുന്നു. ഇതിൽ 42 പവൻ ഭർത്താവിന്റെ പക്കാലാണെന്നും അവർ വ്യക്തമാക്കി. തന്നെ സ്വീകരിക്കാൻ തയാറല്ലെങ്കിൽ സ്ത്രീധനമായി നൽകിയ സ്വർണം തിരിച്ചുനൽകണമെന്ന് ഹസീന ആവശ്യപ്പെട്ടു.