'മാഞ്ഞാലി ഹൽവ' വ്യവസായ വകുപ്പ് വിപണിയിലിറക്കും: പി. രാജീവ്

Sunday 04 January 2026 1:25 AM IST
മാഞ്ഞാലി ഹൽവയുടെ വിപണന സാദ്ധ്യതകൾ തേടുന്നതിനായുള്ള ഉത്പാദകരുടെ യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മാഞ്ഞാലി ഹൽവ എന്ന പേരിൽ പൊതു ബ്രാൻഡ് വിപണിയിലിറക്കാൻ വ്യവസായ വകുപ്പ് തീരുമാനിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. മാഞ്ഞാലി ഹൽവയുടെ വൈവിദ്ധ്യവത്കരണവും പുതിയ സാദ്ധ്യതകളും തേടി വിളിച്ചുചേർത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ് അദ്ധ്യക്ഷനായി. ഹൽവ ഉത്പാദകർക്കായി ക്ലസ്റ്റർ രൂപീകരിച്ച് വിപണന സാദ്ധ്യത വർദ്ധിപ്പിക്കും. മാഞ്ഞാലി ഹൽവയുടെ വിപണന സാദ്ധ്യതകൾ വിപുലീകരിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുമായും ഫ്ലിപ്പ് കാർട്ട് അടക്കമുള്ള ഓൺലൈൻ വിതരണ കമ്പിനികളുമായും ചർച്ച നടത്തും. കുന്നുകരയിൽ നിർമ്മാണം പൂർത്തിയാകുന്ന ഫുഡ്പാർക്ക് പ്രവർത്തന സജ്ജമാക്കുന്നതോടെ വിപണന സാദ്ധ്യതകൾ വർദ്ധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ്, വനിത വികസന കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ എന്നിവരുടെ വിവിധ പദ്ധതികളെക്കുറിച്ചും സർക്കാർ സബ്സിഡികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം നമിത ജോസ്, പഞ്ചായത്ത് അംഗങ്ങളായ ജി.ഡി. ഷിജു, ടി.വി. ഉദയൻ, ഫ്രാൻസിസ് പഞ്ഞിക്കാരൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, ആലങ്ങാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ആർ. അന്നു ജീജ, സബിത നാസർ എന്നിവർ സംസാരിച്ചു.