83 സ്ത്രീകൾ അറിഞ്ഞില്ല, വ്യാജലോണിൽ പെട്ടത് !

Sunday 04 January 2026 12:54 AM IST

കൊച്ചി: ഇടപാടുകാരായ 83 സ്ത്രീകളുടെ തിരിച്ചറിയൽ രേഖകളും വ്യാജ ഒപ്പുകളും ചമച്ച് ബ്രാഞ്ച് ഇൻചാർജ് വ്യാജ ലോണെടുത്ത് പണം തട്ടിയതായി പരാതി. ക്രെഡിറ്റ് ഇൻവെസ്റ്റ്‌മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന വൻകിട കമ്പനിയുടെ പശ്ചിമകൊച്ചിയിൽ പ്രവർത്തിക്കുന്ന ഡിവിഷൻ ബ്രാഞ്ചിലാണ് സംഭവം. ആലപ്പുഴ സ്വദേശിയായ ബ്രാഞ്ച് ഇൻചാർജിനെതിരെ തോപ്പുംപടി പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. തട്ടിപ്പ് കണ്ടെത്തിയതോടെ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.

2023 മുതൽ 2025 ഏപ്രിൽ വരെ ഡിവിഷൻ ബ്രാഞ്ച് ഇൻ ചാർജായിരുന്നു ആലപ്പുഴ സ്വദേശി. ഇക്കാലയളവിൽ ബ്രാഞ്ചിലെ കസ്റ്റമേഴ്‌സായ 83 സ്ത്രീകളുടെ പേരിൽ, ഇവർ അറിയാതെ ലോൺ എടുക്കുകയായിരുന്നു. 14.22 ലക്ഷം രൂപയാണ് ലോണിലൂടെ തട്ടിയെടുത്തത്. ഇക്കാലയളവിൽ ലോൺ അടയ്ക്കാനായി നൽകിയ ഒരു ലക്ഷത്തോളം രൂപയും 32കാരനായ ബ്രാഞ്ച് ഇൻചാർജ് കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. ആലപ്പുഴ സ്വദേശിയുടെ രണ്ട് ബന്ധുക്കൾക്കെതിരെയും കേസെടുത്തതായാണ് എഫ്.ഐ.ആറിൽ പറയുന്നത്.

തട്ടിപ്പ് തിരിച്ചറിഞ്ഞ് കമ്പനി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. നിലവിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 83 പേരെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിയും. പ്രതിയുടെ മൊഴിയും രേഖപ്പെടുത്തും. 2023-25 കാലയളവിൽ നടന്ന തട്ടിപ്പായതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറയുന്നു.

 10000 കടന്നു

സംസ്ഥാനത്ത് വഞ്ചന കേസുകൾ പതിനായിരത്തിന് മേലെയായി. ഒക്ടോബർ വരെയുള്ള രേഖയിലാണ് ഇക്കാര്യങ്ങളുള്ളത്. 2024ൽ 13449 കേസുകളാണ് ഉണ്ടായിരുന്നത്. ഡിസംബർ വരെയുള്ള ഡാറ്റകൾകൂടി പുറത്തുവരുമ്പോൾ കേസുകളുടെ എണ്ണം 2024നേക്കാളും കൂടുതലാകുമെന്നാണ് വിലയിരുത്തൽ.

വർഷം - കേസുകളുടെ എണ്ണം

2020-8993

2021-5214

2022-8307

2023-11029