വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ അപ്രസക്തരാകുന്നു

Sunday 04 January 2026 10:14 PM IST

ആഭ്യന്തര ചെറുകിട നിക്ഷേപകർ കരുത്താകുന്നു

കൊച്ചി: പുതുവർഷത്തിലെ ആദ്യ രണ്ട് വ്യാപാര ദിനങ്ങളിൽ വിദേശ നിക്ഷേപകരുടെ വിൽപ്പന സമ്മർദ്ദം മറികടന്ന് ഇന്ത്യൻ ഓഹരികൾ റെക്കാഡ് മുന്നേറ്റം തുടരുന്നു. ജനുവരി 1,2 തിയതികളിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 7,068 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. കഴിഞ്ഞ വർഷം മൊത്തം 1.68 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചിരുന്നു. എന്നാൽ ആഭ്യന്തര നിക്ഷേപകരുടെ കരുത്തിൽ മുഖ്യ സൂചികയായ നിഫ്‌റ്റി വെള്ളിയാഴ്ച റെക്കാഡ് ഉയരത്തിലെത്തി. സെൻസെക്‌സും റെക്കാഡിന് തൊട്ടരുകിലാണ്.

സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പദ്ധതികളിലൂടെയും(എസ്.ഐ.പി) മ്യൂച്വൽ ഫണ്ടുകളിലൂടെയും ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കിയതാണ് ഇന്ത്യൻ വിപണിക്ക് കരുത്തായത്. ആഭ്യന്തര ചെറുകിട, കോർപ്പറേറ്റ് നിക്ഷേപകർ 7.13 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ വർഷം വാങ്ങികൂട്ടിയത്. ശരാശരി 29,000 കോടി രൂപയാണ് ഓരോ മാസവും ചെറുകിട ആഭ്യന്തര നിക്ഷേപകർ എസ്.ഐ.പികളിലൂടെ വിപണിയിലെത്തിക്കുന്നത്. മുൻകാലങ്ങളിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഇന്ത്യൻ വിപണിയിൽ വൻ തകർച്ചയാണ് സൃഷ്‌ടിച്ചിരുന്നത്.

വിപണിയുടെ കരുത്ത്

ആഭ്യന്തര ഉപഭോഗത്തിലെ ഉണർവിൽ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവക്കുന്നതാണ് ഇന്ത്യൻ വിപണിയുടെ കരുത്ത്. ഉയർന്ന ജനസംഖ്യയുടെ ശക്തിയുള്ളതിനാൽ ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഇന്ത്യയെ ബാധിക്കുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച വളർച്ച നിരക്കുമായി സാമ്പത്തിക മേഖല മുന്നേറുകയാണ്. നിലവിൽ എൻ.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളിലെ വിദേശ ഓഹരി പങ്കാളിത്തം നിലവിൽ 16.9 ശതമാനം മാത്രമാണ്.