ഹയാക്കോൺ 1.0 : രാജ്യാന്തര കുളവാഴ കോൺഫറൻസ് ജെയിൻ യൂണിവേഴ്‌സിറ്റിയിൽ

Sunday 04 January 2026 12:15 AM IST

കൊച്ചി: ഫ്യൂച്ചർ കേരള മിഷൻ, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവരുടെ സഹകരണത്തോടെ കൊച്ചി ജെയിൻ സർവകലാശാല 'ഹയാക്കോൺ 1.0' എന്ന പേരിൽ മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം കൊച്ചിയിൽ സംഘടിപ്പിക്കുന്നു. ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനും നൂതന മാർഗങ്ങൾ കോൺഫറൻസ് ചർച്ച ചെയ്യും.

സർവകലാശാലയുടെ കൊച്ചി കാമ്പസിൽ നടക്കുന്ന സമ്മേളനം ജനുവരി 8ന് ഉച്ചയ്ക്ക് മൂന്നിന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ, ഹൈബി ഈഡൻ എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. മന്ത്രി റോഷി അഗസ്റ്റിൻ കുളവാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷിനറികളുടെയും പ്രദർശനം ഉദ്ഘാടനം ചെയ്യും. ജെയിൻ സർവകലാശാല ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, ജെയിൻ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ.ഡോ.ജെ. ലത, ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് എന്നിവർ പങ്കെടുക്കും.

9,10 തിയതികളിൽ കുളവാഴ നിയന്ത്രണത്തിനായുള്ള രാജ്യാന്തര രീതികളെയും മൂല്യവർദ്ധിത ഉത്പന്നങ്ങളെയും കുറിച്ചുള്ള ചർച്ചകൾ നടക്കും. മന്ത്രി പി. പ്രസാദ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മീഷൻ പ്രതിനിധികൾ, നൈജീരിയ, കെനിയ, യുകെയിലെ ന്യൂകാസിൽ സർവകലാശാല, ഇന്തോ ജർമ്മൻ ബയോഡൈവേഴ്‌സിറ്റി പ്രോഗ്രാം എന്നിവിടങ്ങളിലെ വിദഗ്ധരുടെ പ്രബന്ധങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും.

പ്രധാന പങ്കാളികൾ

കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സൗത്ത് ഏഷ്യൻ തണ്ണീർത്തട ഏജൻസി, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ

വിപുലമായ പ്രാതിനിധ്യം

അസം, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, പുതുച്ചേരി, ചണ്ഡീഗഡ് തുടങ്ങിയവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവരും കുളവാഴ നിർമാർജന മൂല്യവർദ്ധന മാതൃകകൾ പങ്കുവെക്കും. 10ന് കുളവാഴ നിയന്ത്രണത്തിനായി ദേശീയ, സംസ്ഥാന തലങ്ങളിൽ സ്വീകരിക്കേണ്ട നയരൂപീകരണ ചർച്ചകൾ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 94950 17901