കയർ ലഭ്യത ഉറപ്പാക്കാൻ 10 കോടിയുടെ പദ്ധതി

Sunday 04 January 2026 12:17 AM IST

ആലപ്പുഴ: കയർ പിരിക്കാൻ ചകിരി നാര് ലഭ്യമാക്കുന്നതിനൊപ്പം സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് കയറുൽപ്പാദനം പ്രോത്സാഹിപ്പിക്കാനും വ്യവസായ വകുപ്പിന്റെ പദ്ധതി.

ഉത്പന്ന നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് അസംസ്കൃത വസ്തുവായ കയർ സമയ ബന്ധിതമായി ലഭ്യമാക്കുന്നതിനായി 10 കോടിയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്ര സ‌ർക്കാരിന് കീഴിലുള്ള നാഷണൽ കോപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് വായ്പയായി ലഭിക്കുന്ന പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്, കയർ വിറ്റുവിട്ടുന്ന പണത്തിൽ നിന്നാണ് തിരിച്ചടവ്. കയർ വികസന ഡയറക്ടറുടെ മേൽനോട്ടത്തിൽ കയർപിരി സംഘങ്ങൾക്ക് കയർ വിലയും കയർ നിർമ്മാണ സംഘങ്ങൾക്ക് ഉത്പന്ന വിലയും യഥാസമയം ലഭ്യമാകുമെന്നതാണ് നേട്ടം.

കയർ മേഖലയിൽ കയർപിരി, മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് ,ചെറുകിട ഉത്‌പാദകർ എന്നീ വിഭാഗങ്ങളിലായി ആകെ 526 സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ഉത്പന്ന നിർമ്മാണ മേഖലയിലെ സംഘങ്ങൾക്ക് അസംസ്കൃത വസ്തുവായ കയർ സമയബന്ധിതമായി ലഭിക്കുന്നില്ല. ചകിരിയുടെ ലഭ്യതക്കുറവും സംഘങ്ങളിൽ നിന്ന് വാങ്ങുന്ന കയറിന്റെ വില യഥാസമയം നൽകാനാവാത്തതും കൂലി മുടങ്ങുന്നതുമാണ് വലിയ പ്രതിസന്ധി. ഈ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചാൽ നിലവിലെ ഉത്പാദനം 50 ശതമാനത്തിലധികം ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് റിവോൾവിംഗ് ഫണ്ട് പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ കയർ ലഭ്യതയുടെ പ്രതിസന്ധി പരിഹരിച്ച് തൊഴിൽ ദിനങ്ങൾ കൂട്ടാനാകും.