ഇന്ത്യ ആഗോള ഇലക്ട്രോണിക്‌സ് നിർമ്മാണ ഹബാകുന്നു
നിക്ഷേപകർക്ക് സർക്കാരിന്റെ ആനുകൂല്യ പെരുമഴ
കൊച്ചി: ഇലക്ട്രോണിക്സ് ഘടനഭാഗങ്ങളുടെ നിർമ്മാണ രംഗത്തെ ആഗോള ഹബായി ഇന്ത്യ അതിവേഗം കുതിച്ചുയരുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ അസംബ്ളിംഗിൽ നിന്നും നിർണായകമായ ഘടകഭാഗ നിർമ്മാണ കേന്ദ്രമായി മാറുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇലട്രോണിക്‌സ് കമ്പോണന്റ്‌സ് പദ്ധതി(ഇ.സി.എം.എസ്) വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ മൂന്നാം ഘട്ടമായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുതിയ 22 നിക്ഷേപ നിർദേശങ്ങൾക്ക് അനുമതി നൽകി. ഇലകട്രോണിക്‌സ് ഘടകഭാഗ നിർമ്മാണ രംഗത്ത് 41,863 കോടിയുടെ നിക്ഷേപത്തിനാണ് ഇതോടെ അരങ്ങൊരുങ്ങുന്നത്.
ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും രാജ്യത്തെ വ്യാവസായിക മേഖലയ്ക്ക് വിപുലമായ അവസരങ്ങൾ തുറന്നിടാനും ഇതോടെ കഴിയും. ഈ പദ്ധതികളിലൂടെ 2.58 ലക്ഷം കോടി രൂപയുടെ ഉത്പാദനവും 33,792 പുതിയ തൊഴിൽ അവസരങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ലാഭകരമായി മൊബൈൽ ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവ ഇന്ത്യയിൽ അസംബ്ളി ചെയ്യുന്നതിനായാണ് ഇതുവരെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എൽ.ഐ) സ്കീമുകളിലൂടെ നിക്ഷേപം ലഭിച്ചിരുന്നത്.
നിക്ഷേപം എട്ടു സംസ്ഥാനങ്ങളിൽ
ആന്ധ്ര പ്രദേശ്, ഹരിയാന, കർണാടക, മദ്ധ്യ പ്രദേശ്, മഹാരാഷ്‌ട്ര, തമിഴ്നാട്, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ നിക്ഷേപം എത്തുന്നത്. എൻക്ളോഷറുകളുടെ വിഭാഗത്തിലാണ് ഏറ്റവുമധികം നിക്ഷേപം. മൂന്ന് പദ്ധതികളിലായി 27,166 കോടി രൂപയുടെ നിക്ഷേപം ഈ വിഭാഗത്തിലാണ്.
ഇ.സി.എം.എസ് അനുമതിക്ക് വേഗതയേറുന്നു
ആദ്യ ഘട്ടത്തിൽ ഏഴ് പദ്ധതികളിലായി 5,532 കോടി രൂപയുടെ നിക്ഷേപത്തിനാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇ.സി.എം.എസിലൂടെ അനുമതി നൽകിയത്. നവംബറിൽ 17 പദ്ധതികളിലായി 7,172 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി ലഭിച്ചു.
ഇലക്ട്രോണിക്സ് ഘടകഭാഗ നിർമ്മാണത്തിലെ മൊത്തം നിക്ഷേപം
54,567 കോടി രൂപ
പ്രധാന കമ്പനികൾ
ഫോക്‌സ്‌കോൺ, സാംസംഗ് ഡിസ്‌പ്ളേ നോയിഡ, ടാറ്റ ഇലക്ട്രോണിക്‌സ്. ഡിക്‌സോൺ ടെക്നോളജീസ്, ഹിണ്ടാൽകോ ഇൻഡസ്ട്രീസ്