ലക്ഷദ്വീപിലെ കുട്ടികൾക്ക് കുടുംബശ്രീ അമൃതംപൊടി
ആലപ്പുഴ: കേരളത്തിലെ അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് ലക്ഷദ്വീപിലെ കുട്ടികൾക്കും ലഭ്യമാക്കുന്നു. ലക്ഷദ്വീപിലെ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാനാണിത്. ആദ്യഘട്ടത്തിൽ 392 കിലോയുടെ കരാറാണ് ലക്ഷദ്വീപ് വനിത ശിശുവികസന വകുപ്പിൽ നിന്ന് ലഭിച്ചത്.
എറണാകുളത്തെ തെരഞ്ഞെടുത്ത യൂണിറ്റുകളിൽ തയ്യാറാക്കുന്ന ന്യൂട്രിമിക്സ് പായ്ക്കറ്റുകൾ കൊച്ചിയിലെ വില്ലിംഗ്ഡൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെത്തിക്കും. ഒരു കിലോയ്ക്ക് 100 രൂപയാണ് നിരക്ക്.
കേരളത്തിൽ ആറുമാസം മുതൽ മൂന്നുവയസുവരെയുള്ള കുട്ടികൾക്ക് നൽകുന്ന പോഷകാഹാരമായ അമൃതംപൊടി കാസർകോട് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (സി.പി.സി.ആർ.ഐ) വികസിപ്പിച്ചത്.
2006 മുതൽ ടേക്ക് ഹോം റേഷൻ സ്ട്രാറ്റജിയിലൂടെ (ടി.എച്ച്.ആർ.എസ്) സംസ്ഥാന വനിതാ,ശിശു വികസന വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.
അയൽക്കൂട്ടങ്ങൾക്ക്
150 കോടി വരുമാനം
241 യൂണിറ്റുകളുടെ മൊത്തം ഉത്പാദനം
22,000 ടൺ
പോഷക സമൃദ്ധം
#ഗോതമ്പ്, സോയ ചങ്ക്സ്, കടല, നിലക്കടല, പഞ്ചസാര എന്നിവ ചേർത്താണ് തയ്യാറാക്കുന്നത്. കാത്സ്യം, അയൺ, സിങ്ക്, വിറ്രാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, വിറ്റാമിൻ ബി-6, വിറ്രാമിൻ സി, ഫോളിക് ആസിഡ്, വിറ്റാമിൻ ബി-12 എന്നിവ അടങ്ങിയിട്ടുണ്ട്.
ആദ്യഘട്ട കരാറാണ് ലക്ഷദ്വീപിൽ നിന്ന് ലഭിച്ചത്. ജനുവരിയിൽ ഉത്പന്നം ലഭ്യമാക്കും
-അനീഷ് കുമാർ എം.എസ് , സ്റ്റേറ്റ് പ്രോഗ്രാം മാനേജർ കുടുംബശ്രീ