കൂവ കൃഷിയിൽ വിജയംകുറിച്ച് മാഞ്ഞാലി സഹകരണബാങ്ക്

Sunday 04 January 2026 1:30 AM IST

കൊച്ചി: ബിരിയാണി മുതൽ ഹൽവ വരെ രുചികരമായ ഭക്ഷ്യവിഭവങ്ങൾക്ക് പുകൾപെറ്റ മാഞ്ഞാലി, കൂവപ്പൊടിയുടെ പേരിലും ശ്രദ്ധേയമാകുന്നു. മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്കരണ യൂണിറ്റാണ് 'മാഞ്ഞാലി ബ്രാൻഡ്' വെള്ളക്കൂവ പൊടി വിപണിയിൽ എത്തിക്കുന്നത്. ബാങ്കിന്റെ സഹകരണത്തോടെ കർഷകർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വെള്ളക്കൂവ നേരിട്ട് സംഭരിച്ചാണ് പൊടി ഉണ്ടാക്കുന്നത്.

മലയോരമേഖലയിൽ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളരുന്ന മഞ്ഞൾ വർഗത്തിൽപ്പെട്ട സസ്യമാണ് കൂവ. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി സംസ്കരിച്ച് പൊടിയുണ്ടാക്കുന്ന ജോലി ഏറെ ശ്രമകരമായതുകൊണ്ട് അധികമാരും മുതിരാറില്ല. വിപണിയിലും കാര്യമായ മൂല്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം കൊയ്യാൻ കഴിയുന്ന പദ്ധതിയുമായി മാഞ്ഞാലി സഹകരണ ബാങ്ക് കർഷകരെ സമീപിച്ചത്.

വിത്തും സാങ്കേതിക സഹായവും നൽകി മുഴുവൻ വിളയും സംഭരിക്കുന്നതാണ് ബാങ്കിന്റെ പാക്കേജ്. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായവുമുണ്ട്. ആദ്യം മാഞ്ഞാലി, നോർത്ത് പറവൂർ പ്രദേശങ്ങളിൽ തുടങ്ങിയ കൃഷി വൻവിജയമായതോടെ നിലവിൽ പാലക്കാട് ജില്ലയിലും തമിഴ്നാട്ടിലും ഉടുപ്പിയിലുമൊക്കെ ഏക്കർ കണക്കിന് സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. ഏപ്രിൽ, മേയ് മാസത്തിൽ (മേടം) കൃഷി ചെയ്താൽ ഡിസംബർ, ജനുവരി (മകരം)യിൽ വിളവെടുക്കാം. ഒരുകിലോ കൂവക്കിഴങ്ങ് 60രൂപ നിരക്കിൽ ബാങ്ക് സംഭരിക്കും. സംസ്കരിച്ച കൂവപ്പൊടിക്ക് കിലോ 1600രൂപ വരെ വിലയുണ്ട്. ആവശ്യമുള്ളവർക്ക് www.manjalymart.com വഴി ഓൺലൈനായും വാങ്ങാം.

കർഷകർക്ക് ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകളില്ലാതെ ലാഭകരമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളയാണ് കൂവ. ഔഷധഗുണവും പോഷകാംശവും ഉള്ള ഭക്ഷണം എന്ന നിലയിൽ ഇതിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ വിപണി ഇടപെടൽ ഉണ്ടാകണം

ടി.ബി. ദേവദാസ്

പ്ലാന്റ് ഇൻ ചാർജ്,

മാഞ്ഞാലി കൂവ

 കൂവയുടെ സവിശേഷതകൾ

  • ശരീരത്തിന് ഉന്മേഷവും പോഷണവും നൽകുന്ന മികച്ച വേനൽക്കാല പാനീയം.
  • പേശികളുടെ ബലഹീനത, മലബന്ധം, നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ എന്നിവ കുറയ്ക്കുന്നു.
  • ആരോറൂട്ട് പൊടി ഒരു മൃദുവായ ഭക്ഷണമാണ്. ശിശു ഫോർമുലയായും ഉപയോഗിക്കുന്നു.
  • പുരുഷന്മാരിൽ മൂത്രാശയ അണുബാധ, പ്രോസ്റ്റേറ്റൈറ്റിസ്, സ്ത്രീകളിൽ പെൽവിക് വീക്കം എന്നിവയ്ക്കുള്ള സാദ്ധ്യത ഇത് കുറയ്ക്കുന്നു.
  • കിടപ്പിലായ രോഗികൾക്കും സുഖം പ്രാപിച്ചവർക്കും ഒരു അനുബന്ധ ഭക്ഷണമാണ് കൂവവിഭവം