ആരവങ്ങൾ അടങ്ങും മുൻപേ വീണ്ടും പോരാട്ടച്ചൂടിലേക്ക് 

Sunday 04 January 2026 1:35 AM IST

കൊച്ചി: തദ്ദേശ പോർവിളികളുടെ അവേശം അടങ്ങും മുൻപേ ജില്ല വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും (ഇ.വി.എം) വി.വി.പാറ്റ് യന്ത്രങ്ങളുടെയും ഒന്നാം ഘട്ട പരിശോധന (എഫ്.എൽ.സി) ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിലെ വെയർഹൗസിന് സമീപമാണ് പരിശോധന. ഇതിൽ പാസായ ഇ.വി.എമ്മുകളും വി.വി.പാറ്റുകളും മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കൂ.

നിലവിൽ ഉപയോഗിച്ച മെഷീനിലെ ടാഗ്, സ്റ്റിക്കർ, രേഖപ്പെടുത്തൽ എന്നിവ മായ്ച്ചും, വോട്ട് ചെയ്ത ചിഹ്നങ്ങൾ മാറ്റി ഡമ്മി സിമ്പലുകൾ രേഖപ്പെടുത്തിയുമാണ് മെഷീനുകൾ സജ്ജമാക്കുക. ഡമ്മി ബാലറ്റ് ഉപയോഗിച്ച് വി.വി.പാറ്റ് സെറ്റ് ചെയ്യും. പിന്നീട് ഇവ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും.

കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയോളം ബൂത്തുകൾ ജില്ലയിൽ ഉണ്ടാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വ്യക്തമാക്കുന്നു. 1200ലേറെ വോട്ടുകൾ ഉണ്ടായിരുന്ന ബൂത്തുകൾ രണ്ടാക്കി. ഒരു ബൂത്തിൽ ഒരു മെഷീനാണ് ഉപയോഗിക്കുക.

എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റികളും മറ്റും രൂപീകരിക്കാനും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കും ഇടതുപക്ഷം കടന്നുവെന്നാണ് സൂചന. ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കുറിച്ചും ഏകദേശ ധാരണയായി. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളാണ് ഇടതിന് ജില്ലയിൽ നേടാനായത്. തദ്ദേശ തിരഞ്ഞെടുപ്പിലും തകർന്ന് തരിപ്പണമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളോട് പാർട്ടി പ്രാദേശിക നേതാക്കന്മാരോടൊപ്പം ഭവന സന്ദർശനം നടത്തി ബന്ധമുറപ്പിക്കണമെന്നാണ് സി.പി.എം- സി.പി.ഐ നിർദ്ദേശം.

യു.ഡി.എഫ്

യു.ഡി.എഫ് കോട്ടയെന്ന് അറിയപ്പെടുന്ന ജില്ല അക്ഷരാർത്ഥത്തിൽ അങ്ങനെ തന്നെയെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകളും അടുത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പും. 14 സീറ്റുകളാണ് ജില്ലയിൽ യു.ഡി.എഫിനുള്ളത്. ഇത് വർദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫും ചിലയിടങ്ങളിൽ ഭവന സന്ദർശനം നടത്തി തുടങ്ങി.

എൻ.ഡി.എ

പൊതുവേ കാര്യമായ മുന്നേറ്റങ്ങൾ ബി.ജെ.പിക്കോ എൻ.ഡി.എയ്ക്കോ പ്രതീക്ഷിക്കാൻ ഇടമില്ലാത്ത ജില്ലയാണ് എറണാകുളം. എന്നാൽ ഇത്തവണ തൃപ്പൂണിത്തുറ നഗരസഭ പിടിക്കാനായത് അവർക്കും പ്രതീക്ഷകൾ നൽകുന്നുണ്ട്. ജില്ലയിലെ മണ്ഡലങ്ങളിൽ ശക്തമായ സാന്നിദ്ധ്യമറിയിക്കാൻ തയ്യാറെടുക്കുന്ന അവർ തൃപ്പൂണിത്തുറയെ ലക്ഷ്യമിടുന്നു.