തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി ഇലക്ഷൻ കമ്മിഷൻ

Sunday 04 January 2026 12:05 AM IST

തിരുവനന്തപുരം: ഇലക്ഷൻ കമ്മിഷൻ സംസ്ഥാനത്ത് നിയമസഭാ ഇലക്ഷന്റെ മുന്നൊരുക്കം തുടങ്ങി.ഇന്നലെ ജില്ലാകളക്ടർമാരുടേയും ജില്ലകളിലെ പൊലീസ് മേധാവികളുടേയും യോഗം ഓൺലൈനായി വിളിച്ചു. സുരക്ഷാസംവിധാനങ്ങൾ,പൊലീസ് സേനയുടെ ലഭ്യത തുടങ്ങിയവ ചർച്ച ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ ഡൽഹിയിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷൻ യോഗം വിളിച്ചിട്ടുണ്ട്. ആസാം,ബംഗാൾ,കേരളം,പുതുച്ചേരി,തമിഴ്നാട് സംസ്ഥാനങ്ങളിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമാരും പൊലീസ് മേധാവികളുമാണ് യോഗത്തിൽ പങ്കെടുക്കുക.സംസ്ഥാനത്ത് നിന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറും ആഭ്യന്തരസുരക്ഷാവിഭാഗം എ.ഡി.ജി.പി എച്ച്.വെങ്കിടേഷുമാണ് യോഗത്തിൽ പങ്കെടുക്കുക.സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രങ്ങളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗും ഇന്നലെ തുടങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്ക്കരണം പൂർത്തിയാക്കാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയും നടത്തിയിരുന്ന രാഷ്ട്രീയപ്രതിനിധികളുടെ യോഗം നിയമസഭാ തിരഞ്ഞെടുപ്പ് ജോലികൾ തുടങ്ങിയ സാഹചര്യം പരിഗണിച്ച് ഒഴിവാക്കിയതായി രത്തൻ കേൽക്കർ അറിയിച്ചു.

മെയ് 20നാണ് സംസ്ഥാനത്തെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്.