സയൻസ് കോൺഗ്രസ് എറണാകുളത്ത്

Sunday 04 January 2026 12:00 AM IST

കൊച്ചി: 38-ാം കേരള സയൻസ് കോൺഗ്രസ് ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ.എ. സാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലാവസ്ഥാ മാറ്റം, തീരക്ഷയം, സമുദ്ര മലിനീകരണം തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതിനൊപ്പം സമുദ്ര വിഭവങ്ങളുടെ സുസ്ഥിര വിനിയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് ഇത്തവണത്തെ സയൻസ് കോൺഗ്രസിന്റെ ലക്ഷ്യം. ശാസ്ത്ര പ്രദർശനം 30ന് ആരംഭിക്കും. ഫെബ്രുവരി 1ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് മുൻ ഡയറക്ടർ പ്രൊഫ. പത്മനാഭൻ ബലറാം അദ്ധ്യക്ഷത വഹിക്കും. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ ഉൾപ്പെടെ പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കും.