ക്ഷേത്ര സംരക്ഷണത്തിന് കേന്ദ്രം നിയമം കൊണ്ടുവരണം: ഭാരതീയ വിചാരകേന്ദ്രം

Sunday 04 January 2026 12:00 AM IST

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകൾ ആശങ്കാജനകമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ സ്വർണവും സ്വത്തും അപഹരിക്കുകയാണെന്നും കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്രസർക്കാർ സമഗ്രമായ നിയമ നിർമ്മാണം നടത്തണം. ക്ഷേത്രങ്ങളോടനുബന്ധിച്ച് സനാതന ധർമ്മ പാഠശാലകൾ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കണം. ക്ഷേത്ര ഭൂമിയുടെയും സ്വത്തിന്റെയും കാര്യത്തിൽ കൃത്യമായ കണക്കെടുപ്പും പരിശോധനകളും നടത്തുന്നതിനും പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയുണ്ടാകണം. ക്ഷേത്ര സ്വത്ത് സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ടുപോയവ തിരിച്ചെടുക്കുന്നതിനുമുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന പ്രതിനിധി സമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വിജയമണി, ഡയറക്ടർ ആർ.സഞ്ജയൻ, കെ.സി. സുധീർ ബാബു, ഡോ.എസ്.ഉമാദേവി, സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.