അദ്ധ്യാപക പ്രൊമോഷന് കെ.ടെറ്റ്: സർക്കാർ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് യോഗ്യതയിൽ നൽകിയ ഇളവ് പിൻവലിച്ച ഉത്തരവ് സർക്കാർ മരവിപ്പിച്ചു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുമ്പ് സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നത്. പുതിയ സർക്കാർ ഉത്തരവ് പ്രകാരം, ഉയർന്ന യോഗ്യതകളുള്ളവർക്ക് ഉൾപ്പെടെ കെ-ടെറ്റ് നിർബന്ധമാക്കി. ഇതിനെതിരെ ഇടതുപക്ഷ അദ്ധ്യാപക സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയ സാഹചര്യത്തിലാണ്.ഉത്തരവ് മരവിപ്പിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ ഉടൻ റിവ്യൂ ഹർജി നൽകും. ഫെബ്രുവരിയിൽ കെ-ടെറ്റില്ലാത്ത അദ്ധ്യാപകർക്കായി പ്രത്യേക പരീക്ഷ നടത്തും.
2025 സെപ്റ്റംബർ ഒന്നിനാണ് എലിജിബിലിറ്റി ടെസ്റ്റ്' നിർബന്ധമാക്കി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, 2010 ഏപ്രിലിന് മുമ്പ് സർവീസിൽ പ്രവേശിച്ച അദ്ധ്യാപകരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സംഘടനകൾ പരാതിപ്പെട്ടു. കേരളത്തിൽ 2012-ൽ മാത്രം ആരംഭിച്ച യോഗ്യതാ പരീക്ഷ അതിനുമുമ്പ് ജോലിയിൽ പ്രവേശിച്ചവരിൽ അടിച്ചേൽപ്പിക്കുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന് മന്ത്രി പറഞ്ഞു.
കെ-ടെറ്റും
പ്രൊമോഷനും
2010 ഓഗസ്റ്റ് 23-ന് ശേഷമുള്ള നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ട് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ഉത്തരവിറക്കി. ഇത് പ്രകാരം പിന്നീട് യോഗ്യത നേടാത്തവരുടെ നിയമനം നിയമവിരുദ്ധമായി കണക്കാക്കപ്പെടും. അവർ സർവീസിൽ നിന്ന് പുറത്തുപോകാനും സാദ്ധ്യത.
5 വർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ളവർ വിധി വന്ന തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പാസാകണം. പരാജയപ്പെട്ടാൽ നിർബന്ധിത വിരമിക്കലിന് വിധേയരാകും.
5 വർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവർക്ക് വിരമിക്കുന്നത് വരെ പരീക്ഷയിൽ നിന്ന് ഒഴിവാകാം. ഇവർക്കും സ്ഥാനക്കയറ്റം വേണമെങ്കിൽ കെ - ടെറ്റ് നിർബന്ധം.