ഇറ്റ്ഫോക്ക് 25 മുതൽ തൃശൂരിൽ
തൃശൂർ: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന 16ാമത് അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ്‌ഫോക്ക് " 25 മുതൽ ഫെബ്രുവരി ഒന്നുവരെ തൃശൂരിൽ നടക്കും. ദേശീയ, അന്തർദ്ദേശീയ തലത്തിൽ നിന്നും ഒമ്പത് വീതവും മലയാളത്തിൽ നിന്ന് അഞ്ചും അടക്കം 23 നാടകങ്ങളാണ് ഇറ്റ്‌ഫോക്കിലെത്തുന്നത്. ആകെ 46 അവതരണങ്ങൾ ഉണ്ടാകും.
ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഇറ്റ്‌ഫോക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. അർജന്റീന, ബ്രസീൽ, അർമേനിയ, പാലസ്തീൻ, സ്ലൊവാക്യ, സ്‌പെയിൻ, ജപ്പാൻ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നും പൂനെ, മുംബൈ, ചെന്നൈ, ആസാം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള നാടകങ്ങൾ അരങ്ങേറും.
നാടകോത്സവം സാംസ്‌കാരിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അറിയിച്ചു, സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള, അക്കാഡമി പ്രോഗ്രാം ഓഫീസർ വി.കെ.അനിൽകുമാർ, ഫെസ്റ്റിവൽ കോഓർഡിനേറ്റർ ജലീൽ ടി.കുന്നത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.