തിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസേനയും

Saturday 03 January 2026 11:31 PM IST

ശബരിമല: ശബരിമലയിൽ തിരക്ക് വർദ്ധിച്ചതോടെ ആൾക്കൂട്ട നിയന്ത്രണത്തിന് കേരള പൊലീസിനൊപ്പം കേന്ദ്ര സേനയായ ആർ .എ .എഫും രംഗത്ത്. ആൾക്കൂട്ട നിയന്ത്രണം കാര്യക്ഷമമാക്കി സുരക്ഷിത തീർത്ഥാടനം ഉറപ്പാക്കാൻ റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ 140 പേരുടെ ബറ്റാലിയനാണ് സന്നിധാനത്തുള്ളത്. ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനിൽ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുമുണ്ട്. മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫെൻസ് മോർച്ച, സന്നിധാനം, ഭസ്മക്കുളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആർ .എ. എഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകൾ. മകരവിളക്കിന് നടതുറന്ന ശേഷം തിരക്ക് വളരെ കൂടുതലാണെന്നും ജനുവരി 14ന് നടക്കുന്ന മകരവിളക്ക് പ്രമാണിച്ച് കൂടുതൽ സേനാംഗങ്ങളെ നിയോഗിക്കുമെന്നും ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാം പറഞ്ഞു.